കേരളം തലച്ചോർത്തീനികളായ അമീബകളുടെ ഹോട്സ്പോട്ട് ആയിമാറുന്നോ?

by Dr. Sandeep Padmanabhan

2016ലാണ് കേരളത്തിൽ ആദ്യമായി അമീബ കാരണമുള്ള മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഒറ്റപ്പെട്ട സംഭവങ്ങളായി വ്യത്യസ്ത ജില്ലകളിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ചും 13ഉം വയസുള്ള രണ്ടുകുട്ടികളാണ് കേരളത്തിൽ ഈ മാരകരോഗം ബാധിച്ച് മരിച്ചത്. തലച്ചോർ തീനികളെന്നറിയപ്പെടുന്ന നെഗ്ലേറിയ ഫൗലേറി എന്ന അമീബിയയാണ് രോഗഹേതു. ഈ അമീബകൾ നമുക്ക് ചുറ്റും ധാരാളമായുണ്ട് എന്നതാണ് വസ്തുത. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ചാണ്‌ ഇവ ജീവിക്കുന്നത്. ഇവ മനുഷ്യരെ ബാധിക്കുന്നത് വിരളമാണ്. എന്നാൽ നമ്മുടെ കേരളത്തിൽ ഇപ്പോൾ അമീബിക് മസ്തിഷ്കജ്വരം  പ്രാദേശികമായി കണ്ടുവരുന്ന അസുഖങ്ങളുടെ കൂട്ടത്തിലേക്ക് (എൻഡമിക്) മാറുകയാണ്. കേരളത്തിൽ ഇതുവരെ രോഗം പിടിപെട്ടിട്ടുള്ള എല്ലാ രോഗികളും മരണപ്പെട്ടു എന്ന വസ്തുത ഏറെ ഭയപ്പെടുത്തുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. 

വൈറസുകൾ, ബാക്ടീരിയകൾ എന്നിവപോലെ ഒരു ഏകകോശജീവിയാണ് അമീബ. ഇവയ്ക്ക് ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒത്തുവരികയും വൻതോതിൽ അവ തലച്ചോറിലെത്തുകയും ചെയ്യുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. വേനൽക്കാലത്ത് അന്തരീക്ഷത്തിലെ താപനില ഉയർന്നപ്പോൾ ജലാശയങ്ങളിൽ അമീബയ്ക്ക് വളരാനുള്ള അനുകൂല സാഹചര്യമുണ്ടായി എന്നാണ് വിലയിരുത്തൽ. 

അമീബ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ തുടങ്ങും. സാധാരണ മസ്തിഷ്കജ്വരത്തിന്റെ (മെനിഞ്ചൈറ്റിസ്) ലക്ഷണങ്ങളാണ് കാണുക. എന്നാൽ രോഗകാരണം അമീബയാണെങ്കിൽ അതിവേഗത്തിലായിരിക്കും അസുഖം മൂർച്ഛിക്കുക. ലക്ഷണങ്ങൾ അതിതീവ്രവുമായിരിക്കും.  ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗി മരിക്കുന്നു. രോഗം കൃത്യസമയത്ത് തിരിച്ചറിയാനുള്ള കാലതാമസവും കൂടുതൽ അപകടമുണ്ടാക്കുന്നു. രോഗം പിടിപെട്ടുകഴിഞ്ഞാൽ 90-100% ന് അടുത്താണ് മരണസാധ്യത. 

എന്തുകൊണ്ട് കേരളത്തിൽ?

ധാരാളം കുളങ്ങളും തോടുകളും കൊണ്ട് എക്കാലത്തും സമൃദ്ധമാണ് കേരളം. മുങ്ങിക്കുളിക്കുന്നത് പണ്ടുമുതലേ മലയാളികളുടെ ശീലവുമാണ്. നല്ല വൃത്തിയും ഒഴുക്കുമുള്ള പുഴകളിലും തോടുകളിലും മുങ്ങിക്കുളിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇന്ന് നമ്മുടെ ജലാശയങ്ങളെല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു. ഒഴുക്ക് കുറഞ്ഞ് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് രോഗകാരികളായ അമീബ പതിയിരിക്കുന്നത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ഇവയ്ക്ക് ജീവിക്കാൻ കൂടുതൽ സൗകര്യപ്രദമായ സാഹചര്യമുണ്ടാകും. ഇളംചൂടുള്ള (40 ഡിഗ്രിക്ക് മുകളിൽ) വെള്ളത്തിലാണ് അമീബകൾ സജീവമാകുകയും പെറ്റുപെരുകുകയും ചെയ്യുന്നത്.  വേനൽച്ചൂടേറ്റ് പൊള്ളിക്കിടക്കുന്ന നിശ്ചലജലാശയങ്ങളുടെ അടിയിൽ കെട്ടിക്കിടക്കുന്ന ചേറിൽ അമീബയുടെ സാന്നിധ്യമുണ്ടാകാം. വെള്ളം കലങ്ങുമ്പോൾ ചളിയോടൊപ്പം അമീബ മുകളിലേക്ക് ഉയർന്നുവന്ന് മനുഷ്യരിലേക്ക് പകർന്നതാകാം എന്നതാണ് ഇതുവരെയുള്ള അനുമാനം. ഇത്തരം വെള്ളക്കെട്ടുകളിലേക്ക് ഡൈവ് ചെയ്യുമ്പോഴോ നീന്തുമ്പോഴോ അതിശക്തമായി വെള്ളം മൂക്കിലൂടെ അകത്തെത്തുമ്പോൾ അമീബ ശരീരത്തിലെത്താം. മൂക്കിലെ അസ്ഥികളിലുള്ള വിടവുകളിലൂടെ രോഗാണു നേരിട്ട് തലച്ചോറിലെത്തും. അമീബയുള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലെയുള്ള ക്രിയകൾ ചെയ്യുമ്പോഴും തല വെള്ളത്തിൽ മുക്കി കഴുകുമ്പോഴും രോഗബാധയുണ്ടാകാം. എന്നാൽ ഈ വെള്ളം കുടിച്ചാൽ രോഗമുണ്ടാവില്ല.

തലച്ചോറിലെത്തിക്കഴിഞ്ഞാൽ അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ തുടങ്ങേണ്ടതാണ്. എന്നാൽ കണ്ണൂർ തോട്ടടയിൽ മരണപ്പെട്ട 13കാരി ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിന് രണ്ടരമാസം മുൻപ് ഒരു സ്വിമ്മിങ് പൂളിൽ കുളിച്ചിരുന്നതായാണ് വിവരം. അത്രയും ദിവസങ്ങൾ അമീബ ശരീരത്തിൽ അവശേഷിക്കുമോ എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. കൃത്യമായി ഓർത്തെടുക്കാനാവാത്ത മറ്റേതെങ്കിലും വഴിയിലൂടെ സമീപകാലത്ത് രോഗാണു ശരീരത്തിൽ എത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. മികച്ച അനുഭവജ്ഞാനമുള്ള ഡോക്ടർമാർ പോലും പഠിക്കുന്ന കാലത്ത് ഇത്തരമൊരു രോഗത്തെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതിനെ നേരിടേണ്ട സാഹചര്യം ലോകത്തൊരിടത്തും കാര്യമായി വന്നിട്ടില്ല. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ ഈ രോഗത്തെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും ലഭ്യമല്ല. ഇരുട്ടിൽ നിന്ന് ആക്രമിക്കുന്ന ഒരു അജ്ഞാതശത്രുവിനെയാണ് കേരളത്തിലെ ആരോഗ്യരംഗം നേരിട്ടുകൊണ്ടിരിക്കുന്നത്. 

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്ന സംഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ അതിനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനുമാകില്ല. മരണസാധ്യത ഇത്രയേറെ ഉയർന്നതിനാൽ കടുത്ത പ്രതിരോധനടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. 

കെട്ടിക്കിടക്കുന്നതും വൃത്തിയില്ലാത്തതുമായ വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ചൂടുകൂടുതലുള്ള സമയങ്ങളിൽ. ശരിയായി ക്ളോറിനേറ്റ് ചെയ്യാത്ത സ്വിമ്മിങ് പൂളുകളിലും അമീബയുടെ സാന്നിധ്യമുണ്ടാകാം. മൂക്കിലേക്ക് വെള്ളമെടുത്ത് ചീറ്റുന്നതും മറ്റും പൂർണമായും ഒഴിവാക്കണം. ഒഴുകുന്ന വെള്ളത്തിൽ ഈ അമീബയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും പാറയിടുക്കുകളിലും മറ്റും നിശ്ചലമായികിടക്കുന്ന വെള്ളം ഒഴിവാക്കണം. വെള്ളത്തിലിറങ്ങിയാൽ വെള്ളം കലങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. മൂക്കിലൂടെ വെള്ളം അകത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലും വേണം. നീന്തുമ്പോൾ മൂക്ക് വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിക്കുകയോ നോസ് പ്ലഗ്ഗുകൾ ഉപയോഗിക്കുകയോ ചെയ്യാം. ഉപ്പുവെള്ളമായതിനാൽ സമുദ്രജലത്തിൽ ഈ അമീബകൾക്ക് നിലനിൽക്കാൻ കഴിയില്ല.

കൂടുതലും കുട്ടികളാണ് വെള്ളത്തിൽ കളിയ്ക്കാനും മുങ്ങാംകുഴിയിടാനും ഏറെ ഇഷ്ടപ്പെടുന്നത്. വേനലവധിക്കാലത്ത് ചൂട് അസഹനീയമാകുമ്പോൾ മുങ്ങിക്കുളിക്കാനുള്ള പ്രേരണയുണ്ടാകാം. കുട്ടികളുടെ രോഗപ്രതിരോധ ശേഷി മുതിർന്നവരിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇതായിരിക്കാം കുട്ടികളിൽ രോഗം കൂടുതൽ കാണപ്പെടാൻ കാരണം.

തലച്ചോറിനെ ബാധിക്കുന്നതെങ്ങനെ?

നമ്മുടെ തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെയാണ് ഈ അമീബ ആക്രമിക്കുന്നത്. തലച്ചോറിനെ സംരക്ഷിക്കുന്ന ദൗത്യമാണ് ഈ അവരണത്തിനുള്ളത്. തലച്ചോറിൽ കടുത്ത നീർവീക്കമുണ്ടാക്കിയാണ് അമീബ രോഗിയെ കീഴടക്കുന്നത്. മൂക്കിൽ നിന്നും ഗന്ധം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്ന ചില നാഡികൾ നേരിട്ട് തലച്ചോറിലേക്ക് പോകുന്നുണ്ട്. ഇതുവഴിയാണ് അമീബ തലച്ചോറിലെത്തുന്നത്. തലച്ചോറിലെത്തിക്കഴിഞ്ഞാൽ ഇവ വളരെ പെട്ടെന്ന് പെരുകും. മസ്തിഷ്‌കം സംവേദനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളെയാണ് അമീബകൾ ഭക്ഷണമാക്കുന്നത്.

തീവ്രമായ പനി, തലവേദന, ഓക്കാനം, ഛർദി, സ്വബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കുമ്പോഴുള്ള ബുദ്ധിമുട്ടും വേദനയും, നടുവേദന എന്നിവയാണ് തുടക്കത്തിലേ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധമില്ലാത്ത സംസാരം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് തയാറാകാതെ എത്രയും വേഗം ആശുപത്രിയിലെത്തണം. പലരും അപസ്മാരം ഉണ്ടാകുമ്പോഴാണ് ആശുപത്രിയിലെത്തുന്നത്. അപ്പോഴേക്കും രോഗി അബോധാവസ്ഥയിലേക്ക് പോകാൻ സാധ്യതയുണ്ട്. അടുത്ത ഒന്നുമുതൽ 18 ദിവസത്തിനുള്ളിൽ രോഗി മരണപ്പെടാൻ സാധ്യതയുണ്ട്.

മരുന്നുകഴിച്ചിട്ടും മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വീണ്ടും ആശുപത്രിയിലെത്തണം. അമീബിക് മസ്തിഷ്കജ്വരം അതിവേഗത്തിലായിരിക്കും മൂർച്ഛിക്കുക. കുളത്തിലോ മറ്റോ അടുത്തകാലത്ത് ഇറങ്ങിയിട്ടുണ്ടെങ്കിൽ ഉടനെ അത് ഡോക്ടറോട് പറയുകയും വേണം. അങ്ങനെയൊരു സംശയം ഉദിച്ചെങ്കിൽ മാത്രമേ അമീബയുടെ സാന്നിധ്യമുണ്ടോ എന്നറിയാനുള്ള പരിശോധനകൾ നടത്താൻ കഴിയൂ. ലോകത്ത് ഈ രോഗത്തെ അതിജീവിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രമേയുള്ളു. രോഗം വളരെ നേരത്തെ തിരിച്ചറിഞ്ഞത് കൊണ്ടാണ് അവർക്കതിനു സാധിച്ചത്. 

രോഗിയുടെ നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത ശേഷം മൈക്രോസ്കോപ്പിലൂടെ നോക്കിയാണ് അമീബയുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്നത്. പിസിആർ പരിശോധനയിലൂടെയും മറ്റും 24 മണിക്കൂറിനുള്ളിൽ രോഗം കൃത്യമായി കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നോ ചികിത്സയോ ഇപ്പോൾ ലഭ്യമല്ല. ഫങ്കസുകൾക്കും മറ്റുമെതിരെ ഫലപ്രദമെന്ന് കരുതുന്ന ചില മരുന്നുകളുടെ സംയുക്തമാണ് ഇപ്പോൾ രോഗികൾക്ക് നൽകിവരുന്നത്. രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനുള്ള മരുന്നുകൾ നൽകുന്നതിനൊപ്പം, ശ്വാസകോശം, ഹൃദയം, എന്നിവയുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുകയുമാണ് ചെയ്യുന്നത്.

ആഗോളതലത്തിൽ തന്നെ അത്യപൂർവമായ ഒരു രോഗമായതിനാൽ മറ്റ് രോഗങ്ങളെപ്പോലെ ധാരാളം ഡാറ്റയും പഠനങ്ങളും ലഭ്യമല്ല. ഒരേ കുളത്തിൽ നിരവധി പേർ മുങ്ങിക്കുളിക്കുമ്പോൾ ഒരാൾക്ക് മാത്രം എന്തുകൊണ്ട് രോഗം പിടിപെടുന്നു എന്ന ചോദ്യം ഒരു കടങ്കഥ പോലെ സങ്കീർണം. ഈ രോഗത്തെക്കുറിച്ചോർത്ത് പൊതുജനങ്ങൾ പേടിക്കേണ്ടതില്ല. ഏതാനും അമീബകൾ ശരീരത്തിലെത്തിയാലും നമ്മുടെ ശരീരത്തിന്റെ പ്രാഥമിക രോഗപ്രതിരോധശേഷി ഉപയോഗിച്ച് തന്നെ അവയെ തുരത്താൻ കഴിയും. എല്ലാ അനുകൂല സാഹചര്യങ്ങളും ഒത്തുവരികയും വൻതോതിൽ അമീബകൾ ഉള്ളിൽ പ്രവേശിക്കുകയും ചെയ്യുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. ഇങ്ങനെ സംഭവിക്കാനുള്ള സാദ്ധ്യതകൾ വിരളമാണ്. എന്നാൽ രോഗത്തെക്കുറിച്ചുള്ള അറിവും അതിനെതിരെയുള്ള ജാഗ്രതയും അത്യാവശ്യമാണ്.

 

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സന്ദീപ് പദ്മനാഭൻ,

കൺസൽട്ടൻറ് - ന്യൂറോളജി ആൻഡ് എപിലെപ്സി മാനേജ്‌മെന്റ്,

ആസ്റ്റർ മെഡ്സിറ്റി, കൊച്ചി.

 

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number