ഒക്ടോബർ 17 - ലോക ട്രോമാ ദിനം അങ്ങിനെ വെറുതെ കടന്നുപോകേണ്ട ഒരു ദിനമല്ല. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞൊരു ദിനമാണ്.
മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഒരുപാട് വാർത്തകളാണ് നിത്യേന നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. . ആക്സിഡന്റുകളെ കുറിച്ചോ അതുമൂലമുണ്ടാകുന്ന മരണങ്ങളെ കുറിച്ചോ കേൾക്കാത്ത ദിവസങ്ങൾ ഉണ്ടായിരിക്കില്ല. നമ്മൾ ഈ വിഷയത്തെ ഗൗരവമായി ചിന്തിക്കേണ്ട ദിവസമാണ് ഇന്ന്.
ഒരുവർഷം പത്ത് ലക്ഷം ആളുകൾ മരണപ്പെടുകയും രണ്ട് കോടിയിലധികം രോഗികളെ സൃഷ്ടിക്കുകയും ചെയ്യുന്ന മഹാരോഗമാണ് ട്രോമ. ഇതിന്റെ സിംഹഭാഗവും റോഡ് അപകടങ്ങൾ മൂലവും ബാക്കിയുള്ളവ വീഴ്ചകൾ, ആക്രമണങ്ങൾ, സ്പോർട്സ്, യുദ്ധങ്ങൾ മൂലവും ആണ്.
ഇത്രയും മാരകമായ ഒരു വിപത്തിനെ പൂർണ്ണമായും തുടച്ചുമാറ്റുവാൻ സാധ്യമല്ലെങ്കിലും തന്മൂലമുണ്ടാകുന്ന മരണവും മാരക രോഗങ്ങളും ഒരു നല്ല ശതമാനം കുറക്കുവാൻ നമുക്ക് സാധിക്കും. അതിനായുള്ള ഒരു അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
ജാഗ്രത പുലർത്തിയാൽ ഒഴിവാക്കാൻ കഴിയുന്നതാണ് ഒട്ടുമിക്ക അപകടങ്ങളും.
-ശ്രദ്ധയോടെ വാഹനം ഓടിക്കുക,
-ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റും മറ്റുള്ളവ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റും ധരിക്കുക, -അമിതവേഗം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കുക,
-മദ്യം മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കാതിരിക്കുക,
-കാൽനടയാത്രികർ ബാരിക്കേഡുകളിലൂടെ റോഡ് മുറിച്ചുകടക്കുക,
-റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുക
അത്യാഹിതങ്ങളിൽ നമുക്കെന്തെല്ലാം ചെയ്യാനാകും..?
-ശരിയായ പ്രഥമശുശ്രൂഷ
-രോഗികളെ പരിചരിക്കുന്നവർക്കുള്ള കൃത്യവും നൂതനവും ലളിതവുമായ പരിശീലനം
- ആശുപതിയിലെത്തിക്കാൻ വേണ്ട ആംബുലൻസ്/ വാഹനങ്ങൾ
- എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി
ഇവയെല്ലാം പ്രാവർത്തികമാക്കണമെങ്കിൽ നാം ഓരോരുത്തരും അപകടത്തിൽ പെടുന്നവരെ എങ്ങനെ രക്ഷിക്കണം എന്നതിനെ കുറിച്ച് പൊതുവായ ഒരു അറിവ് നേടുകയും കാഴ്ച്ചക്കാരനായി മാറിനിൽക്കാതെ അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള 'ബേസിക് ലൈഫ് സപ്പോർട്ട് സ്കില്സ്' പ്രയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഈ ട്രോമ ദിനത്തിൽ ആരോഗ്യ പ്രവർത്തകനായ ഞാൻ നിങ്ങളിലെത്തിക്കാൻ ആഗ്രഹിക്കുന്ന സന്ദേശം ഇതാണ്
'നഷ്ടമാകുന്ന ഓരോ ജീവനുകളും ഒരു പക്ഷെ നമ്മുടെ കഴിവ് ഉപയോഗിച്ച് രക്ഷപ്പെടുത്താൻ സാധിച്ചെക്കും'
അതിനായ് നമുക്ക് പ്രതിജ്ഞ ചെയ്യാം
ഓരോ ജീവനും വിലയുള്ളതാണ്.