"Life After Cancer Is Not Just About Surviving; It Is About Thriving" - Mr. Raison P. T.
കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന റെയ്‌സൺ ഇൻജക്ഷൻ എടുക്കാൻ വരെ പേടിയുള്ള ഒരാളായിരുന്നു, നാക്കിലെ ക്യാൻസറിന്റെ രൂപത്തിൽ ജീവിതം അദ്ദേഹത്തെ പരീക്ഷിക്കുന്നത് വരെ. 2018 ജനുവരി മാസത്തിലാണ് തന്റെ നാക്കിൽ ഒരു ചെറിയ തടിപ്പ് രൂപപ്പെട്ടതായി റെയ്‌സൺ ശ്രദ്ധിക്കുന്നത്. പുകവലി പോലുള്ള ദുശ്ശീലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് വിറ്റാമിൻ ബിയുടെ കുറവാണ് കാരണമെന്ന് അടുത്ത കിനിക്കിലെ ഡോക്ടർ പറഞ്ഞപ്പോൾ റെയ്‌സൺ കൂടുതൽ ഒന്നും ആലോചിച്ചില്ല.
എന്നാൽ ആയിടെയായി റെയ്‌സൺ പതിവിൽ കൂടുതൽ ക്ഷീണിതനായിരുന്നു. അതിനോടൊപ്പം തോളിനു പിന്നിലായി വേദനയും, നീരും അനുഭവപ്പെടാനും തുടങ്ങിരുന്നു. വിറ്റാമിൻ ബിയുടെ കുറവാണെന്ന ധാരണയിൽ ഡോക്ടർ നൽകിയ മരുന്നുകളും, വേദനസംഹാരികളും കഴിച്ച് രണ്ടു മാസം കടന്നു പോയി. പ്രായമായ അമ്മയുമായി പതിവ് സന്ദർശനത്തിന് ആശുപത്രിയിൽ വീണ്ടും പോകേണ്ടി വന്നപ്പോൾ, ഈ അസ്വസ്ഥതകളെ കുറിച്ച് റെയ്‌സൺ അവിടെത്തെ ഡോക്ടറോട് സൂചിപ്പിച്ചു. സംശയം തോന്നിയ ഡോക്ടർ ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചു.
കൂടുതൽ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിൽ എത്തിയ റെയ്‌സനോട് ഓപ്പറേഷൻ ആവശ്യമാണെന്ന് അവിടെത്തെ ഡോക്ടർ പറഞ്ഞു. അതനുസരിച്ച് നാക്കിലെ ചെറിയ തടിപ്പ് മുറിച്ചു മാറ്റുകയും, ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം റെയ്‌സൺ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മുറിച്ചു മാറ്റിയ തടിപ്പിന്റെ സാമ്പിൾ ഇതിനകം ബയോപ്സി ചെയ്യാനായി ലാബിലേക്ക് അയച്ചിരുന്നു. എങ്കിലും റെയ്‌സണ് പേടിയൊന്നും ഉണ്ടായിരുന്നില്ല. ഓപ്പറേഷന് ശേഷമുള്ള പതിവ് നടപടികളായേ അദ്ദേഹം ഇതിനെ കണക്കാക്കിയുള്ളൂ. എന്നാൽ ഫെബ്രുവരി അഞ്ചിന് റെയ്‌സണെ ഞെട്ടിച്ചുകൊണ്ട് ബയോപ്സിയുടെ ഫലം ക്യാൻസർ പോസിറ്റീവ് എന്നുവന്നു. റെയ്‌സൺ.
ലോക ക്യാൻസർ ദിനത്തിന് ശേഷമുള്ള ദിവസമായിരുന്നു അത്. തലേന്ന് പത്രത്തിൽ നാക്കിലെ ക്യാൻസറിനെ അതിജീവിച്ച ഒരു മാഷെ പറ്റിയുള്ള ലേഖനം റെയ്‌സൺ വായിച്ചതേ ഉണ്ടായിരുന്നുള്ളു. അതിജീവനത്തിന്റെ ആവേശകരമായ ഒരു ജീവിതകഥയായിരുന്നു അതെങ്കിലും, ജ്യൂസുകൾ മാത്രം കുടിച്ചും, ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയും തനിക്കും ജീവിക്കേണ്ടിവരുമോ എന്നായിരുന്നു റെയ്‌സന്റെ പേടി. ഇതേ ഭയം വീട്ടുകാർക്ക് ഉണ്ടാകാതിരിക്കാനായി, ആ ലേഖനം അച്ചടിച്ചുവന്ന പത്രം റെയ്‌സൺ എല്ലാവരിൽ നിന്നും ഒളിപ്പിച്ചു വെച്ചു.
“ക്യാൻസർ എന്ന വാക്കുതന്നെ നമ്മളെ ഓർമ്മിപ്പിക്കുന്നത് വേദനയെയും അനിശ്ചിതത്വത്തിനെയും പറ്റിയാണ്. അതുകൊണ്ടു തന്നെ ക്യാൻസർ ചികിത്സയെ പറ്റിയോ, അതിനു ശേഷമുള്ള ജീവിതത്തെ പറ്റിയോ ഒന്നും ചിന്തിക്കാൻ നമുക്ക് കഴിയാറില്ല. “റെയ്‌സണ് ആ സമയത്തെ ടെൻഷൻ ഇപ്പോഴും മറക്കാനാവുന്നതല്ല.
എന്നാലും റെയ്‌സൻ ഭയപ്പെട്ടതുപോലെ ഒന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചില്ല. പ്രതീക്ഷിച്ചതിലും ആശ്വാസത്തോടെയും, ആത്മവിശ്വാസത്തോടെയും ക്യാൻസർ ചികിത്സ പൂർത്തിയാക്കാൻ റെയ്‌സണ് സാധിച്ചു. തന്റെ ഒരു സുഹൃത്തിൽ നിന്നും ആസ്റ്റർ മെഡ്‌സിറ്റിയെ പറ്റി അറിഞ്ഞ റെയ്‌സൺ ഡോക്ടർ മയൂരിയുടെ കീഴിൽ ചികിത്സ തേടി. ഭാഗ്യവശാൽ റെയ്‌സന്റെ ക്യാൻസർ പ്രാരംഭഘട്ടത്തിലായിരുന്നു.
താമസിയാതെ റെയ്‌സൺ ആശുപത്രിയിൽ അഡ്മിറ്റാകുകയും, നാക്കിലെ ക്യാൻസർ ബാധിച്ച ഭാഗം മുഴുവനായും മുറിച്ചു മാറ്റുകയും ചെയ്തു. നാക്കിന്റെ ഏകദേശം എൺപത് ശതമാനത്തോളം മുറിച്ചു മാറ്റിയ ശേഷം, വലതുകാലിൽ നിന്നും ഒരു പേശി നാക്കിൽ വെച്ചു പിടിപ്പിക്കുകയാണ് ചെയ്തത്. ചികിത്സയുടെ എല്ലാ ഘട്ടത്തിലും റെയ്‌സൻറെ കുടുംബവും കൂട്ടുകാരും കൂടെയുണ്ടായിരുന്നു. ഒരിക്കലും പ്രതീക്ഷ കൈവിടാതെ ജീവിതത്തെ മുറുകെ പിടിക്കാൻ അവരെല്ലാം റെയ്‌സണെ അകമഴിഞ്ഞു പിന്തുണച്ചു.
ചികിത്സയ്ക്ക് ശേഷമുള്ള ഒരു ചെക്കപ്പിനിടെ, അപ്പോൾ ക്യാൻസർ രോഗനിർണ്ണയം ചെയ്യപ്പെട്ട ഒരു രോഗിയെ റെയ്സൺ ആകസ്മികമായി പരിചയപ്പെടുകയുണ്ടായി. എല്ലാ പ്രതീക്ഷയും നശിച്ച്, ജീവിതത്തെ അഭിമുഖീകരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ആ മനുഷ്യൻ. അദ്ദേഹത്തിന്റെ അവസ്ഥ റെയ്‌സണ് സുപരിചിതമായിരുന്നു. പ്രതീക്ഷ കൈവിടാതിരിക്കാൻ അയാളെ എങ്ങിനെ സഹായിക്കണമെന്നും ഇതിനകം റെയ്സൺ മനസ്സിലാക്കിയിരുന്നു.
സ്വന്തം ജീവിതത്തെ പറ്റിയും, തന്റെ ക്യാൻസർ അനുഭവങ്ങളും റെയ്സൺ അയാളോട് പങ്കുവെച്ചു. ചികിത്സയ്ക്ക് ശേഷവും ജീവിതം സാധ്യമാണെന്ന് റെയ്‌സൺ തന്റെ ഉദാഹരണത്തിലൂടെ അദ്ദേഹത്തിനെ ബോധ്യപ്പെടുത്തി. ശസ്ത്രക്രിയയ്ക്കും, നീണ്ട ചികിത്സയ്ക്കും ശേഷവും റെയ്‌സൺ വളരെ ചുറുചുറുക്കോടെയാണ് ജീവിക്കുന്നത്. മുൻപത്തെ പല ഭയങ്ങളും റെയ്‌സനെ ഇപ്പോൾ തളർത്തുന്നില്ല. പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ റെയ്‌സണ് ഇപ്പോൾ ഭയമില്ല. ക്യാൻസർ റെയ്‌സൻറെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചിരിക്കുന്നു. ജീവിതത്തെ നേരിടാനുള്ള കരുത്ത് ആ രോഗിയിൽ ഉളവാക്കുന്നതിന് തികച്ചും സാധാരണക്കാരനായ റെയ്‌സൻറെ വാക്കുകൾക്ക് കഴിഞ്ഞു.
ക്യാൻസറിനെ മറ്റെല്ലാവരെയും പോലെ ഒരു മഹാവ്യാധിയായാണ് റെയ്‌സണും കണ്ടിരുന്നത്. ആ പഴയ റെയ്‌സണിൽ നിന്നും അദ്ദേഹം ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു. "പേടിയും വിഷമവും എല്ലാവർക്കുമുണ്ടാകും, അത് സ്വാഭാവികമാണ്. പക്ഷെ, ഒടുവിൽ നമ്മൾ സ്വയം വിശ്വസിക്കാൻ തയ്യാറാകണം. പ്രതീക്ഷ കൈവിടരുത്, അങ്ങിനെയാണെങ്കിൽ ധൈര്യം പിന്നാലെ വന്നോളും," റെയ്‌സൺ പറയുന്നു. ഒരു സാധാരണ നിർമ്മാണത്തൊഴിലാളിയായിരുന്ന റെയ്‌സൺ ഇപ്പോൾ ഇത് രണ്ടാമത്തെ തവണയാണ് തന്റെ ജാതിക്ക തോട്ടം വിളവെടുപ്പ് നടത്തുന്നത്. ക്യാൻസറിന് മുൻപുണ്ടായിരുന്ന ഭയങ്ങൾ റെയ്സണെ ഇപ്പോൾ അലട്ടുന്നില്ല. കൃത്യമായ ഇടവേളകളിൽ ആശുപത്രി സന്ദർശനവും, ജാതിക്ക കൃഷിയും, കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നതുമായി റെയ്‌സൺ ആകെ തിരക്കിലാണ്.
ഞങ്ങളുടെ സംരംഭത്തിലൂടെ നിങ്ങളുടെ കഥകൾ മറ്റുള്ളവരുമായി പങ്കിടാൻ, 8138860606 എന്ന നമ്പറിലേക്ക് ക്യാൻസ്പയർ വാട്ട്‌സ്ആപ്പ് ചെയ്യുക. നിങ്ങളുടെ കഥയും സന്ദേശവും നിലവിൽ ക്യാൻസറിനെതിരെ പോരാടുന്ന നിരവധി പേർക്ക് മികച്ച പിന്തുണ നൽകും.