"Fear is the worst thing you can have during cancer treatment" - Mr. Vijayan K S
2019 ആണ് വിജയൻ തന്റെ ശബ്ദത്തിൽ ചില വ്യത്യാസങ്ങൾ വരുന്നതായും, ശബ്ദം കുറയുന്നതായും ശ്രദ്ധിക്കുന്നത്. സംസാരിക്കാൻ പറ്റാവുന്നത്ര ബുദ്ധിമുട്ടിലേക്ക് കാര്യങ്ങൾ പോവുന്ന ലക്ഷണമായപ്പോൾ അദ്ദേഹം അടുത്തുള്ള ഒരു ഇഎൻടി ഡോക്ടറെ സന്ദർശിച്ചു. രണ്ടാഴ്ചയോളം കഴിഞ്ഞിട്ടും വിജയൻറെ ശബ്ദം പഴയപടിയായില്ലെന്ന് കേട്ടപ്പോൾ കുറച്ചുകൂടി സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിൽ പോകാൻ ഇഎൻടി ഡോക്ടർ വിജയനെ നിർദ്ദേശിച്ചു.
തുടർന്ന് വിജയൻ മറ്റൊരു സ്പെഷ്യലിസ്റ്റിനെ കണ്ടു. ആദ്യത്തെ കാഴ്ച്ചയിൽ തന്നെ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അടുത്ത ഡോക്ടർ പറഞ്ഞത്. ശബ്ദനാളത്തിൽ ഉടനെ ശസ്ത്രക്രിയ ആവശ്യമായ തരം പൂപ്പൽ അണുബാധയായിരുന്നു വിജയന്. അധികം വൈകാതെ തന്നെ തൊണ്ടയിൽ ഓപ്പറേഷൻ നടത്തുകയും ഒരു സാമ്പിൾ ബയോപ്സിക്കായി അയക്കുകയും ചെയ്തു. പക്ഷെ ബയോപ്സിയുടെ ഫലം നെഗറ്റീവ് ആയിരുന്നു. അതുകൊണ്ടുതന്നെ ഒരു മാസത്തെ വിശ്രമത്തിനു ശേഷം വരാനാണ് ഡോക്ടർ വിജയനെ ഉപദേശിച്ചത്.ശസ്ത്രക്രിയയ്ക്ക് ശേഷവും വിജയൻറെ ശബ്ദത്തിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.
ഒരു മാസത്തെ വിശ്രമത്തിന് ശേഷവും വിജയൻറെ അവസ്ഥയിൽ കാര്യമായ വ്യത്യാസം വരാത്തതിനാൽ, വീണ്ടും ഒരു ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ ശസ്ത്രക്രിയയിൽ അവശേഷിച്ച സ്വരനാളപാളികൾ (വോക്കൽ കോർഡ്‌സ്) മുഴുവനായും ഈ ശസ്ത്രക്രിയയിലൂടെ എടുത്തുകളയേണ്ടി വന്നു. അതോടെ വിജയൻറെ ശബ്ദം ഒട്ടും ഇല്ലാതായി എന്നുതന്നെ പറയാം. തന്റെ ചികിത്സയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗം ഇതായിരുന്നെന്ന് വിജയൻ ഓർത്തെടുക്കുന്നു. വിജയന്റെ സൗഹൃദവലയത്തിലെ പാട്ടുകാരൻ വിജയനായിരുന്നു, അതിനു പുറമെ മകളും നന്നായി പാടുമായിരുന്നു.
അതുകൊണ്ടുതന്നെ സംഗീതം വിജയൻറെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. ശബ്ദം നഷ്ട്ടപ്പെട്ടതോടെ സംഗീതത്തോടും വിജയന് വിടപറയേണ്ടി വന്നു.
രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞിട്ടും ബുദ്ധിമുട്ടുകൾ കുറയാത്തത് ഡോക്ടറെ ആകെ സംശയത്തിലാഴ്ത്തി. വീണ്ടും ഒരു എൻഡോസ്കോപ്പി ചെയ്ത ഡോക്ടർ, ആ ഭാഗത്ത് ചെറിയ തടിപ്പുകൾ കണ്ടെത്തുകയും ചെയ്തു. ബയോപ്‌സിയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അത് ക്യാൻസറിന് മുൻപുള്ള ഘട്ടമാണെന്ന് ഡോക്ടർക്ക് ഏതാണ്ട് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ആസ്റ്റർ മെഡ്‌സിറ്റിയിലെ ഓൺകോളജി വിഭാഗത്തിലേക്ക് ഡോകടർ വിജയനെ റെഫർ ചെയ്തു.
ആസ്റ്റർ മെഡ്‌സിറ്റിയിൽ നടത്തിയ എൻഡോസ്കോപ്പിയിലും ക്യാൻസറിന് മുൻപുള്ള ഘട്ടമാണ് വിജയന്റേതെന്ന് തിരിച്ചറിഞ്ഞു. എങ്കിലും പേടിക്കേണ്ട യാതൊന്നുമില്ലെന്നും റേഡിയേഷൻ തെറാപ്പിയിലൂടെ വിജയൻറെ അസുഖം മാറ്റാമെന്നും ഡോക്ടർമാർ ഉറപ്പു നൽകി. അടുത്ത ആഴ്ച തന്നെ വിജയൻ റേഡിയേഷൻ തെറാപ്പി ആരംഭിച്ചു. ആദ്യത്തെ പത്തു ദിവസം കഴിഞ്ഞപ്പോൾ തന്നെ വിജയൻറെ ശബ്ദം തിരിച്ചുവരാൻ തുടങ്ങി. ആ സമയത്ത് റേഡിയേഷൻ തെറാപ്പിയോടൊപ്പം സ്പീച്ച് തെറാപ്പിയും വിജയൻ എടുക്കുന്നുണ്ടായിരുന്നു.
വിജയന് ക്യാൻസറാണെന്ന് അറിഞ്ഞപ്പോൾ ഭാര്യയും മകളും ഏറെ വിഷമിച്ചെങ്കിലും വിജയന് അധികം പേടിയുണ്ടായിരുന്നില്ല. മറിച്ച് ശുഭാപ്‌തിവിശ്വാസത്തോടെ ചികിത്സ പൂർത്തിയാക്കാനായിരുന്നു വിജയൻറെ തീരുമാനം. ഒരു ബിസിനസ്സുകാരനായതുകൊണ്ടുതന്നെ ജീവിതത്തിലെ വെല്ലുവിളികൾ സമചിത്തതയോടെ നേരിടാനുള്ള ധൈര്യം വിജയനുണ്ടായിരുന്നു. "റേഡിയേഷൻ തെറാപ്പി ചെയ്യേണ്ടി വന്നെങ്കിലും, എന്റെ മുടി കൊഴിയുകയോ, ആരോഗ്യം ക്ഷയിക്കുകയോ ചെയ്തില്ല. രോഗം വളരെ നേരത്തെ തന്നെ കണ്ടെത്താനുമായി. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ അത്രയും ബുദ്ധിമുട്ടുകൾ ഇല്ലല്ലോ എന്നാണ് ഞാൻ ഓർത്തത്. കൂടെ റേഡിയേഷൻ ചെയ്തിരുന്ന മറ്റുള്ള രോഗികൾ വളരെ അവശനായിരുന്നു. അവരുടെ മുന്നിൽ എന്റെ ബുദ്ധിമുട്ടുകൾ ഒന്നുമല്ലെന്ന് എനിക്ക് തോന്നി", വിജയൻ പറയുന്നു.
വിജയന്റെ ഡോക്ടറും വിജയനെ പൂർണ്ണമായി ആശ്വസിപ്പിച്ചു. “ക്യാൻസറുള്ളപ്പോൾ നമുക്ക് ചെയ്യാവുന്ന ഏറ്റവും മോശം കാര്യം പേടിച്ചിരിക്കുക എന്നതാണ്. എല്ലാ രോഗങ്ങൾക്കും അതിന്റെതായ ബുദ്ധിമുട്ടുകളും അപകടസാധ്യതകളും ഇല്ലേ? ഒരു പനിക്ക് പോലും നമ്മുടെ ജീവനെടുക്കാൻ സാധിക്കും, കോവിഡ് 19 തന്നെ നല്ലൊരു ഉദാഹരണമല്ലേ, പിന്നെ വരുംവരാഴികകൾ ആലോചിച്ചു തലപുകയ്ക്കുന്നതിൽ എന്ത് കാര്യം? “, വിജയൻ ചോദിക്കുന്നത് എല്ലാവരോടുമാണ്. ക്യാൻസർ ചികിത്സയുടെ സമയത്ത് തന്റെ വിശ്വാസത്തിലും, വിശുദ്ധ പുസ്തകങ്ങളിലും വിജയൻ ആശ്വാസം കണ്ടെത്തി. ഒരു ദിവസം തന്റെ എല്ലാ അസുഖങ്ങളും മാറുമെന്നും, വീണ്ടും പഴയതുപോലെ പാട്ടുപാടാനാകുമെന്നും വിജയന് ഉറപ്പുണ്ടായിരുന്നു.
റേഡിയേഷന് ശേഷം വിജയന് തൊണ്ടയിൽ അണുബാധകളും, ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. വേദന ശമിപ്പിക്കാനായി പെയിൻ ആൻഡ് പാലിയേറ്റിവ് വിഭാഗത്തിൽ നിന്നും വേദനസംസംഹാരികൾ വാങ്ങികഴിക്കുകയും ചെയ്യേണ്ടിവന്നിരുന്നു. പെയിൻ ആൻഡ് പാലിയേറ്റിവ് വിഭാഗത്തിലെ ഡോക്ടർ ആ സമയത്തെല്ലാം വിജയന് നല്ല പിന്തുണയായിരുന്നു. ഒടുവിൽ വീട്ടുകാരുടെയും, സുഹൃത്തുക്കളുടെയും, ഡോക്ടർമാരുടേയുമെല്ലാം പിന്തുണയോടെ വിജയൻ ക്യാൻസറിനെ അതിജീവിച്ചു.
റേഡിയേഷൻ തെറാപ്പി മൂലം വിജയന് കഴുത്തിലെ കുറച്ചു പേശികൾ നഷ്ടമായി. അതുകൊണ്ടുതന്നെ വിജയൻറെ കഴുത്തിന് പഴയപോലെ വഴക്കമില്ലെന്ന പ്രശ്നമുണ്ട്. കൂടാതെ തന്റെ ചെക്കപ്പുകളും വിജയൻ കൃത്യമായി പിന്തുടരുന്നുണ്ട്. ഇതെല്ലാമുണ്ടായിട്ടും, ക്യാൻസർ തന്റെ ജീവിതത്തിൽ നിന്ന് അടർത്തിമാറ്റിയതിൽ കൂടുതലും തന്റെ ദുശീലങ്ങളായിരുന്നുവെന്ന് വിജയൻ പറയുന്നു. മാത്രമല്ല ക്യാൻസറിന് ശേഷം തനിക്ക് മറ്റു പല കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താനായെന്നും കൂട്ടിച്ചേർക്കുന്നു. വീട്ടിലിരുന്നു രണ്ടുനേരം വോക്കൽ കോഡ് വ്യായാമങ്ങൾ ചെയ്യുമ്പോഴും ഒരു ദിവസം തനിക്ക് പഴയപോലെ പാട്ടുപാടാനാകുമെന്ന് പ്രതീക്ഷയിലാണ് വിജയൻ.
ഞങ്ങളുടെ സംരംഭത്തിലൂടെ നിങ്ങളുടെ കഥകൾ മറ്റുള്ളവരുമായി പങ്കിടാൻ, 8138860606 എന്ന നമ്പറിലേക്ക് ക്യാൻസ്പയർ വാട്ട്‌സ്ആപ്പ് ചെയ്യുക. നിങ്ങളുടെ കഥയും സന്ദേശവും നിലവിൽ ക്യാൻസറിനെതിരെ പോരാടുന്ന നിരവധി പേർക്ക് മികച്ച പിന്തുണ നൽകും.