"Cancer Is Not A Chronic Condition. It Can Be Treated And Completely Cured." - Ms. Accamma Vijayan.
എൺപതു വയസ്സുള്ള അക്കാമ്മ വിജയൻ, റിട്ടയേഡ് നഴ്‌സിംഗ് സൂപ്പർവൈസറാണ്. ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ അക്കാമ്മ കടന്നുപോയിട്ടുള്ളത് രണ്ടു ബൈപാസ് സർജറികൾ, രണ്ടു ആൻജിയോപ്ലാസ്റ്റികൾ, ആറു ആൻജിയോഗ്രാമുകൾ എന്നിവയിലൂടെയാണ്. ഇതിനെല്ലാം പുറമെ പ്രമേഹവും, രക്താതിസമ്മര്‍ദ്ദവും കൂട്ടിനുണ്ട്. ആർത്തവവിരാമം പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോയപ്പോൾ അക്കാമ്മയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു. കാരണം ആർത്തവവിരാമത്തിന്റെ സമയത്താണ്, അക്കാമ്മയുടെ രണ്ടു സഹോദരികൾക്കും ക്യാൻസർ ബാധിച്ചത്. പക്ഷെ, 2019 ൽ വളരെ ചെറുതായി രക്തം പോകുന്നത് അക്കാമ്മയുടെ ശ്രദ്ധയിൽ പെട്ടു. ആ വർഷം ഏപ്രിലിൽ തനിക്ക് എൻഡോമെട്രിയൽ (ഗർഭാശയ) ക്യാൻസർ ആണെന്ന് അക്കാമ്മ തിരിച്ചറിഞ്ഞു.
രക്തം പോകുന്നത് ശ്രദ്ധിച്ചപ്പോഴേ അക്കാമ്മയ്ക്ക് അറിയാമായിരുന്നു ഇത് ഗുരുതരമായ എന്തോ പ്രശ്നമാണെന്ന്. അതുകൊണ്ടുതന്നെ ക്യാൻസറാണ് എന്നറിഞ്ഞപ്പോൾ അക്കാമ്മയ്ക്ക് ഞെട്ടലൊന്നും ഉണ്ടായില്ല. ഒരു തണുത്ത വികാരമാണ് തനിക്ക് അന്ന് തോന്നിയതെന്ന് അക്കാമ്മ ഓർത്തെടുക്കുന്നു. എന്നാൽ ആ സമയത്ത് തന്നെ ക്യാൻസറിന് മുന്നിൽ മുട്ടുമടക്കാനില്ലെന്ന് അക്കാമ്മ തീരുമാനിച്ചു. ആരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവജ്ഞാനം ഉള്ള ഒരാൾ എന്ന നിലയിൽ, ഇനി വരുന്ന ചികിത്സകളെ കുറിച്ച് അക്കാമ്മയ്ക്ക് അറിയാമായിരുന്നു.
കൃത്യമായ ഒരു തീരുമാനം എടുക്കുന്നതിന് ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ അഭിപ്രായമാണ് അക്കാമ്മ തേടിയത്. സ്വന്തം ആരോഗ്യം കൂടി കണക്കിലെടുത്തതുകൊണ്ട് റേഡിയേഷൻ ചെയ്യാൻ അക്കാമ്മ തീരുമാനിച്ചു. ഒടുവിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ 35 റേഡിയേഷൻ സെഷനുകൾ സ്വീകരിച്ചു. നീണ്ട റേഡിയേഷൻ സെഷനുകൾക്ക് ശേഷം നടത്തിയ പെറ്റ് (PET) സ്കാനിൽ ഹാനികരമല്ലാത്ത ഫൈബ്രോയിഡുകൾ അല്ലാതെ ക്യാൻസർ സാന്നിധ്യം ഒന്നുമില്ലെന്ന് കണ്ടത്തി. ആറു മാസത്തിനു ശേഷം വീണ്ടും ഒരു പെറ്റ് സ്കാൻ എടുക്കുകയും അതിലൂടെ എല്ലാം ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ആരോഗ്യകാര്യങ്ങളിൽ അവബോധം ഉള്ള ഒരാളായതിനാൽ, എല്ലാ മൂന്ന് മാസം കൂടുമ്പോഴും, വജൈനൽ- റെക്ടൽ സ്കാനുകൾ അക്കാമ്മ ഇപ്പോഴും എടുക്കാറുണ്ട്. കോവിഡ് മഹാമാരി കാരണം അടുത്ത പെറ്റ് സ്കാൻ എടുക്കാൻ പതിവിലും വൈകിയിരുന്നു. വൈകിയതിനാലാകാം ഇത്തവണ അക്കാമ്മയ്ക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു. എന്നാൽ ഈ ഏപ്രിലിൽ പെറ്റ് സ്കാൻ എടുക്കുകയും വീണ്ടും, അക്കാമ്മയുടെ ഭാഷയിൽ പറഞ്ഞാൽ “ദൈവകൃപയാൽ എല്ലാം തൃപ്തികരമാണെന്ന്”, കണ്ടെത്തുകയും ചെയ്തു.
ഇത്രയും പരീക്ഷണങ്ങളിലൂടെയും, വെല്ലുവിളികളിലൂടെയും കടന്നുപോയിട്ടും അക്കാമ്മയുടെ ശുഭാപ്തിവിശ്വാസത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. എന്നത്തേയും പോലെ ഉത്സാഹവതിയും, വാചാലയുമാണ് അക്കാമ്മ ഇപ്പോഴും.
നിലവിൽ അസ്ഥിക്ഷയം മൂലമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ദീർഘദൂരയാത്രകൾ ചെയ്യാൻ അക്കാമ്മ ഇപ്പോഴും ഇഷ്ടപ്പെടുന്നു. അസാമാന്യ ധൈര്യശാലിയും, സ്ഥിരോത്സാഹിയുമായ ഒരു സ്ത്രീയെയാണ് നമുക്ക് ഇപ്പോഴും അക്കാമ്മയിൽ കാണുവാൻ സാധിക്കുക.
അക്കാമ്മയെ സംബന്ധിച്ചടുത്തോളം, ”ക്യാൻസർ ഗുരുതരമായ ഒരു രോഗമാണ്, എന്നാൽ മറ്റേത് രോഗത്തെയും പോലെ, ക്യാൻസറിനും ചികിത്സയുണ്ട്. പ്രമേഹമോ, ഹൃദ്രോഗമോ പോലെ ജീവിതകാലം മുഴുവൻ ക്യാൻസർ നമ്മളെ ബുദ്ധിമുട്ടിക്കില്ല. ഒരു നിശ്ചിത കാലയളവിനുള്ളിൽ കൃത്യമായ ചികിത്സയിലൂടെ ഈ രോഗം പൂർണ്ണമായും ചികിത്സിച്ചു ബേധമാക്കാം.”
എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ, സംശയങ്ങളോ ഉണ്ടെങ്കിൽ ഒരു കാരണവശാലും വെച്ചുകൊണ്ടിരിക്കരുതെന്നാണ് അക്കാമ്മയ്ക്ക് മറ്റുള്ളവരോട് പറയാനുള്ളത്. “സ്ത്രീകളും, പ്രായമായവരും അവരുടെ രോഗലക്ഷണങ്ങൾ അവഗണിക്കാനും, മറച്ചുവെയ്ക്കാനും സാധ്യതയുണ്ട്. ഗുണത്തേക്കാളേറെ ദോഷമാണ് ഇതുകൊണ്ട് ഉണ്ടാവുക. ക്യാൻസർ ഉണ്ടെന്ന് കരുതി ഒരു മോശക്കേടും വിചാരിക്കേണ്ട കാര്യമില്ല. തീരാവ്യാധികൾ നമ്മുടെ കൂടെ ജീവിതകാലം മുഴുവൻ ഉണ്ടാകുമ്പോൾ, ക്യാൻസർ ചികിത്സയിലൂടെ ഒഴിഞ്ഞുപോകും. ഒരു ദിവസം ഞാൻ ക്യാൻസറിൽ നിന്ന് വിമുക്തനാകും എന്ന വിശ്വാസമാണ് രോഗികൾക്ക് എപ്പോഴും ഉണ്ടാകേണ്ടത്”, അക്കാമ്മ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ രണ്ടുവർഷമായി അക്കാമ്മ ക്യാൻസർ അതിജീവിതയാണ്. അക്കാമ്മയ്ക്ക് ഇപ്പോൾ ക്യാൻസറിനെ തീരെ പേടിയില്ല. മനുഷ്യർ ക്യാൻസറിനെ അതിജീവിക്കുന്നത് പലതവണ അടുത്തുനിന്ന് കണ്ടിട്ടുള്ളയാളാണ് അക്കാമ്മ. അക്കാമ്മയുടെ സഹോദരിമാർ രണ്ടുപേരും ക്യാൻസറിനെ പൊരുതി തോൽപ്പിച്ചവരാണ്. തന്റെ സേവനകാലത്ത് അക്കാമ്മ കണ്ടുമുട്ടിയിട്ടുള്ള എണ്ണമറ്റ രോഗികളും ക്യാൻസറിനെ അതിജീവിച്ചവരിൽ ഉൾപ്പെടും. സമൂഹത്തിൽ ക്യാൻസർ അവബോധം വളർത്താനായി തന്റെ ക്യാൻസർ അതിജീവന പാഠം അക്കാമ്മ മറ്റുള്ളവരുമായി പങ്കിടാറുണ്ട്. പഴയ അതേ ചുറുചുറുക്കോടെ തന്നെയാണ് ഇപ്പോഴും എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അക്കാമ്മയുടെ പ്രസരിപ്പ് കെടുത്തികളയാൻ യാതൊന്നിനും സാധിക്കില്ല, ക്യാൻസറിന് പോലും.
ഞങ്ങളുടെ സംരംഭത്തിലൂടെ നിങ്ങളുടെ കഥകൾ മറ്റുള്ളവരുമായി പങ്കിടാൻ, 8138860606 എന്ന നമ്പറിലേക്ക് ക്യാൻസ്പയർ വാട്ട്‌സ്ആപ്പ് ചെയ്യുക. നിങ്ങളുടെ കഥയും സന്ദേശവും നിലവിൽ ക്യാൻസറിനെതിരെ പോരാടുന്ന നിരവധി പേർക്ക് മികച്ച പിന്തുണ നൽകും.