മഴയും തണുപ്പും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. മഴ നനയാനും മഴയത്ത് കളിക്കാനും ആഗ്രഹമേറെയുണ്ടെങ്കിലും പനിച്ച് വിറച്ച് വിറങ്ങലിച്ച് കിടക്കേണ്ടി വരുന്നത് ഏറെ കഷ്ടപ്പാടാണ്. ഏറെ വലയ്ക്കുന്ന ഒരു കൂട്ടം രോഗങ്ങളാണ് മഴക്കാലത്ത് നമ്മളെ തേടി എത്തുന്നത്. സാധാരണ ജലദോഷ പനി മുതൽ ആളെക്കൊല്ലിയായ ഹെപ്പറ്റൈറ്റിസ് എയും ടൈഫോയ്ഡും വരെ പട്ടിക നീളും. ഇത്തരം രോഗങ്ങളെ മൊത്തത്തിൽ പറയുന്ന പേരാണ് മഴക്കാല രോഗങ്ങൾ. വിവിധ തരം മഴക്കാല രോഗങ്ങളെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം
മഴക്കാല രോഗങ്ങളുടെ കാരണങ്ങൾ ?
വൈറസ്, ഫംഗസ്, ബാക്ടീരിയ തുടങ്ങി ഒട്ടുമിക്ക രോഗകാരികളും ഏറ്റവും കൂടുതലായി പെരുകുന്നത് മഴക്കാലത്താണ്. പകർച്ചാ വ്യാധികൾ വ്യാപകമാകുന്ന കാലമാണിത്. മഴക്കാല രോഗങ്ങളെ രോഗകാരണങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമായും മൂന്നായി തരം തിരിക്കാം. ജലജന്യ രോഗങ്ങൾ, കൊതുകുജന്യ രോഗങ്ങൾ, മറ്റു കാരണങ്ങൾ കൊണ്ടുള്ള രോഗങ്ങൾ എന്നിവയാണിത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുകയും മരണത്തിനു വരെ കാരണമാകുകയും ചെയ്യാം.
ജലജന്യ രോഗങ്ങൾ
വൃത്തിഹീനമായ ജലത്തിലൂടെയാണ് ജലജന്യ രോഗങ്ങൾ പകരുന്നത്. കുടിവെള്ളത്തിലൂടെയും മറ്റും രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കും. അതിസാരം, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, വിവിധതരം മഞ്ഞപ്പിത്തങ്ങൾ, എലിപ്പനി തുടങ്ങിയവയെല്ലാം ജലജന്യ രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ്. എലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പകരുന്നത്. ഇത് വെള്ളത്തിൽ കലർന്ന് കൂടുതൽ പേരിലേക്ക് വ്യാപിക്കാം.
കൊതുകുജന്യ രോഗങ്ങൾ
അഴുക്കുചാലുകളിലും ഓടകളിലുമെല്ലാം രോഗ വാഹികളായ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതാണ് കൊതുകുജന്യ രോഗങ്ങളുടെ കാരണഹേതു. ചിക്കുൻഗുനിയ, റോസ് റിവർ, പനി, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, മഞ്ഞപ്പനി, എൻസഫലൈറ്റിസ്, മന്തുരോഗം, മലമ്പനി എന്നിവയെല്ലാം കൊതുകുജന്യ രോഗങ്ങളാണ്.
മറ്റ് കാരണങ്ങൾ കൊണ്ടുള്ള മഴക്കാല രോഗങ്ങൾ
ജലദോഷം, പനി, കഫക്കെട്ട്, വയറിളക്കം, മറ്റു വൈറൽ പനികൾ തുടങ്ങിയവയും മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നുണ്ട്.
പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ?
മഴക്കാല രോഗങ്ങളുടെ കാര്യത്തിൽ ഏറെ അന്വർത്ഥമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന പഴഞ്ചൊല്ല്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കാത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കുക. കൊതുക് പെറ്റു പെരുകാൻ കാരണമാകുന്ന തരത്തിൽ ടയറുകൾ, ചിരട്ടകൾ, പൊട്ടിയതും അല്ലാത്തതുമായ പാത്രങ്ങൾ, ചെടിച്ചട്ടികൾ, ഉപയോഗശൂന്യമായ സംഭരണികൾ, എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക. തിളപ്പിക്കുമ്പോൾ വെള്ളത്തിലെ രോഗാണുക്കൾ നശിക്കും എന്നതിനാൽ കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.