കുട്ടികൾ എന്തെങ്കിലും വിഴുങ്ങിയാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
ഈ കഴിഞ്ഞ ദിവസം ഏഴ് വയസ്സുള്ള ഒരു കുട്ടിയുടെ ശ്വാസകോശത്തിൽ പാൽ പല്ല് കുടുങ്ങി ബ്രോൺകോസ്കോപ്പി വഴി പുറത്തെടുക്കുകയുണ്ടായി. ആടുന്ന പാൽ പല്ല് അമ്മ ഇളക്കാൻ നോക്കിയതാണ്, പക്ഷെ അതിന് സാധിച്ചില്ല, അങ്ങനെ അത് വിഴുങ്ങി പോവുകയാണ് ഉണ്ടായത്. സാധാരണ ഗതിയിൽ വയറ്റിലേക്ക് പോകേണ്ടത് ശ്വാസകോശത്തിൽ കുടുങ്ങുകയാണ് ചെയ്തത്. 0.04% മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള അത്യപൂർവ്വ സംഭവങ്ങളിൽ ഒന്നാണ് ഇത്.
പല്ല് പറിക്കാൻ ശ്രമിക്കുമ്പോൾ പഞ്ഞിയോ, ടിഷ്യൂ പേപ്പറോ കൂടെ ഉപയോഗിച്ച് പറിക്കാൻ ശ്രമിക്കുക, ഇത് കൈ തെന്നി പോകുന്നതിൽ നിന്ന് തടയും.
മുട്ടിൽ ഇഴയാൻ തുടങ്ങും മുതൽ ഒരു മൂന്നുവയസ്സു വരെ കുട്ടികളെ കുറച്ചു കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അവർക്കെല്ലാം ഒരു കൗതുകമാണ്, കൺമുൻപിൽ എന്തെങ്കിലും ഒന്നു കണ്ടാൽ ഉടനെ അത് വായിലിടുന്ന പ്രവണത ഈ പ്രായമുള്ള കുട്ടികളിൽ കണ്ടുവരുന്നത് സർവ്വ സാധാരണമാണ്.
ഇതിൽ നിന്നു കുട്ടികളെ രക്ഷിക്കാൻ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തുക, വിഴുങ്ങാൻ സാധ്യതയുള്ള ചെറിയ വസ്തുക്കൾ കുട്ടികളിൽ നിന്ന് പരമാവധി മാറ്റി വെയ്ക്കുക.
കപ്പലണ്ടി, കശുവണ്ടി പോലുള്ള സാധനങ്ങൾ പരമാവധി കുട്ടികൾക്ക് മുഴുവനായും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. പൊടിച്ചോ മറ്റോ കൊടുക്കാവുന്നതാണ്.
പിൻ, ബട്ടൻ, നാണയം, കളിപ്പാട്ടം പൊട്ടുകയോ മറ്റോ ചെയ്താൽ അതിനുള്ളിൽ കണ്ടു വരുന്ന കാന്തം, ബാറ്ററി എന്നിങ്ങനെയുള്ള സാധനങ്ങൾ വിഴുങ്ങാൻ സാധ്യത വളരെ കൂടുതലാണ്. ഇത് ശ്വാസനാളം ഭാഗീകമായോ പൂർണ്ണമായോ അടയാൻ കാരണമാകും. ഇങ്ങനെ ശ്വാസനാളം പൂർണ്ണമായി അടഞ്ഞാൽ ജീവൻ തന്നെ നഷ്ടമായേക്കാം.
ശ്വാസം മുട്ടൽ, ശരീരം നീല നിറത്തിലാവുക, ശക്തമായ ചുമ എന്നിവയാണ് അധികമായി കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ.
കുഞ്ഞുങ്ങളിൽ ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻഎന്തു ചെയ്യണം എന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. കുഞ്ഞിനെ എത്രയും വേഗം കമിഴ്ത്തി കിടത്തുക, മലർത്തി കിടത്താതിരിക്കാൻ ശ്രദ്ധിക്കുക. കമിഴ്ത്തി കിടത്തി നെഞ്ചിന്റെയും വയറിന്റെയും ഇടയിലുള്ള ഭാഗത്ത് നന്നായി തട്ടികൊടുക്കുക. വിഴുങ്ങിയ വസ്തു അധികം താഴേയ്ക്ക് പോയിട്ടില്ലായെങ്കിൽ അത് പുറത്തു വരും.
എന്നിട്ടും പുറത്ത് വന്നിട്ടില്ലായെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുക.
എക്സ് റേ എടുക്കുന്നതിലൂടെ എന്തെങ്കിലും ശ്വാസ കോശത്തിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ പെട്ടന്ന് തന്നെ കണ്ടു പിടിക്കാവുന്നതാണ്. ചില കേസുകളിൽ മാത്രം സ്കാനിംഗിന്റെ ആവശ്യം വരാറുണ്ട്.
ഈ പറഞ്ഞത് കുട്ടികളുടെ കാര്യമാണ്, ഇനി മുതിർന്നവരുടെ കാര്യം എടുക്കുകയാണെങ്കിൽ സാരിയോ മറ്റോ ഉടുക്കുമ്പോൾ സേഫ്റ്റി പിൻ വായിൽ കടിച്ച് പിടിക്കുന്നത് പതിവാണ് . ഈ ഇടയ്ക്കാണ് കല്യാണ ദിവസം തന്നെ വണ്ടിയിൽ യാത്ര ചെയ്യുന്നതിനിടെ സാരി ശെരിയാക്കുന്നതിനായി സേഫ്റ്റി പിൻ വായിൽ വെച്ചതാണ് ഒരു ബമ്പ് ചാടുന്നതിനിടയിൽ പിൻ വിഴുങ്ങി പോവുകയും ശ്വാസ നാളത്തിൽ തടസം ഉണ്ടാകുകയും ചെയ്തു. ഇത്തരം കേസുകൾ ഇന്ന് നിരവധി കണ്ടുവരുന്നുണ്ട്, അതിനാൽ ഇങ്ങനുള്ള കാര്യങ്ങൾ പരമാവധി ഒഴിവാക്കുക.
വിവരങ്ങൾക്ക് കടപ്പാട് :
ഡോ. അനൂപ് എം പി
പൽമനോളജി, സീനിയർ കൺസൾട്ടന്റ് ആൻഡ് ഹെഡ് ഓഫ് പൽമനോളജി ഡിപ്പാർട്മെന്റ്
ആസ്റ്റർ മിംസ് , കോഴിക്കോട്