"എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് "- ഒരു ഹൃദയക്കുറിപ്പ്

by Dr. Suhail Mohammed PT

എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് "- ഒരു ഹൃദയക്കുറിപ്പ്

സുഹൃത്തേ നിങ്ങളുടെ ബ്ലഡ് ടെസ്റ്റിൽ ഹാർട്ട് അറ്റാക്കിന്റെ ട്രോപോണിൻ എന്ന ടെസ്റ്റ് പോസിറ്റീവ് ആണ് ; എക്കോയിലും അറ്റാക്ക് വന്നു ഹെർട്ടിന്റെ പമ്പിങ്‌ കുറഞ്ഞു തുടങ്ങിയ മാറ്റങ്ങൾ കാണുന്നുണ്ട് "..
"സാറേ ,ECG യിൽ ഒരു കുഴപ്പവുമില്ലെന്നാണല്ലോ പറഞ്ഞത് ?"
"അതെ , ECG യിൽ 50 ശതമാനം ആളുകളിലെ മാറ്റങ്ങൾ കാണാറുള്ളു .അതുകൊണ്ടല്ലേ മറ്റു ടെസ്റ്റുകളെ ആശ്രയിക്കേണ്ടി വരുന്നത് "
"പക്ഷെ എനിക്കൊരു ബുദ്ധിമുട്ടുമില്ലല്ലോ !!"
"ഒരു ബുദ്ധിമുട്ടുമില്ലാതെ പിന്നെയെന്തിനാ സുഹൃത്തു ഹോസ്പിറ്റലിൽ വന്നത് ?"
"അല്ലാ ,അത് ഇന്നലെ വൈകീട്ട് പൊറോട്ട കഴിച്ചു .ഇന്ന് രാവിലെ നെഞ്ചിനു വല്ലാത്ത എരിച്ചിൽ .ഗ്യാസിന്റെ പ്രശ്നം എനിക്ക് മുമ്പേ ഉണ്ട് ".
"ഗ്യാസാണെങ്കിൽ പിന്നെന്തിനാ കാർഡിയോളജിയിൽ വന്നത് ?"
"അല്ല , എരിച്ചിൽ വല്ലാണ്ട് കൂടിയിരുന്നു രാവിലെ .ഒപ്പം ശരീരം വിയർത്തു ,ചെറുതായി ശ്വാസം തിങ്ങലൂം വന്നു .അത് കൊണ്ട് കാണിക്കാമെന്നു വെച്ചു .ടെസ്റ്റ് ചെയ്തു safe ആവുന്നതല്ലേ നല്ലതു ".
"ടെസ്റ്റ് ചെയ്തപ്പോൾ ഗ്യാസല്ല ,ഹാർട്ട് അറ്റാക്ക് ആണെന്നാണ് സ്ഥിരീകരിച്ചത് .അത് കൊണ്ട് ഇനി ചികിൽസിച്ചാലല്ലേ safe ആവൂ "..
"ഒരു ഗ്യാസിന്റെ മരുന്ന് സർ എനിക്ക് എഴുതി താ .അത് കൊണ്ട് മാറുന്ന പ്രശ്നമേ ഉള്ളു എനിക്ക് ."
"ഹാർട്ട് അറ്റാക്കിനു സമയവും അവസരവും കിട്ടുകയെന്നാണ് ഭാഗ്യം .പണവും പ്രശസ്തിയും അധികാരവും ഒന്നുമുണ്ടായിട്ടും കാര്യമില്ല .ഹാർട്ട് നിന്ന് പോവുന്നതിനു മുമ്പേ ചികിൽസിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ .എന്റെ കാര്യവും അങ്ങിനെ തന്നെ .സാമ്പത്തിക ബുദ്ധിമുട്ടാണെങ്കിൽ അതിനും ഞാൻ വഴി കണ്ടെത്താം .കൂടെയുള്ളവരുടെ വാക്ക് നിങ്ങൾ കേൾക്കാത്തത് കൊണ്ടാണ് എനിക്ക് നിങ്ങളോടു നേരിട്ട് ഇത് പറയേണ്ടി വരുന്നത് ."
"അടുത്ത മാസം മകളുടെ കല്യാണമാണ് .ഞാൻ അത് കഴിഞ്ഞു വരാം .അത് വരേയ്ക്കും സർ ഗുളിക താ "..
"മേജർ അറ്റാക്ക് വന്നാൽ സമയം വൈകുംതോറും ഹാർട്ട് muscles നശിച്ചു കൊണ്ടേയിരിക്കും .സെക്കൻഡുകൾ പോലും വിലപ്പെട്ടതാണ് .നമ്മൾ സംസാരിക്കുന്ന സമയം പോലും നിങ്ങൾക്കു വിലപ്പെട്ടതാണ് ".....
---- ഒരു പാട് നേരം ഞാനും കൂടെയുള്ളവരും ഉപദേശിച്ചിട്ടും കാര്യമുണ്ടായില്ല .അവസാനം 'not willing ' എഴുതിച്ചേർത്തു എമർജൻസി മരുന്നും മറ്റുള്ളവയും കൊടുത്തു .
വൈകുന്നേരമായപ്പോൾ ഒപിയിൽ ഫോൺ ,എമർജൻസി യിൽ നിന്നും .
"സാർ രാവിലെ കണ്ട patient cardiac arrest ആയി എത്തിയിരിക്കുന്നു .CPR കൊടുത്തു കൊണ്ടിരിക്കുകയാണ് ."..ഞാൻ ED യിലേക്കോടി .
ആ സുഹൃത്തു തന്നെ .കഷ്ടം .ബന്ധുക്കൾ അടുത്ത് വന്നു .
" ഉച്ചക്കും എരിച്ചിലുണ്ടായിരുന്നു .വല്ലാത്ത വാശിയാണ് അച്ഛന് .വൈകുന്നേരമായപ്പോൾ ശ്വാസം തിങ്ങൽ കൂടി .പെട്ടെന്ന് ഹോസ്പിറ്റലിൽ പോവണമെന്ന് പറഞ്ഞു .കാറിൽ വെച്ച് ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു . എന്റെ മോളുടെ കല്യാണം കൂടാൻ എനിക്ക് സാധിപ്പിക്കണമെന്നു ഡോക്ടറോട് പറയാനും പറഞ്ഞു; പക്ഷെ "....
തീവ്ര ശ്രമങ്ങൾക്കൊടുവിൽ ECG മൗനം പൂണ്ടു .
എരിച്ചിലായും വേദനയായും ശ്വാസം തിങ്ങലായും പല വിധത്തിൽ കരഞ്ഞു കരഞ്ഞു കേണപേക്ഷിച്ച ഹൃദയം അവസാനം തളർന്നുറങ്ങിയപ്പോൾ ,പുറത്തു കണ്ണ് നീരുമായുള്ള കരച്ചിൽ ഉയർന്നിരുന്നു . രക്ഷിക്കാമായിരുന്ന ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ ഒരു ഡോക്ടർക്ക് വേറെയെന്തുണ്ട് വിഷമം ..............


പ്രാർത്ഥനയോടെ .