ആധുനിക വൈദ്യശാസ്ത്രത്തിന്റെ അവിശ്വസനീയമായ പുരോഗതിയില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സംഭവിച്ച ചികിത്സാ മേഖലയാണ് അപസ്മാര രോഗവുമായി ബന്ധപ്പെട്ടുള്ളത്. ശ്രദ്ധേയങ്ങളായ നിരവധി മാറ്റങ്ങളാണ് അപസ്മാര ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ന് നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഈ ചികിത്ിസാ രീതികളെ കുറിച്ചുള്ള അജ്ഞതമൂലവും, എല്ലായിടത്തും ചികിത്സ ലഭ്യമല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലും അശാസ്ത്രീയമായ ചികിത്സാ രീതികളെ പിന്‍തുടരേണ്ടി വരുന്നവരുടെ എണ്ണം ചെറുതല്ലാത്ത രീതിയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.
അപസ്മാര ബാധിതര്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍.
വ്യത്യസ്തങ്ങളായ വെല്ലുവിളികള്‍ അപസ്മാര രോഗബാധിതരായവര്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മികച്ചതും ഫലപ്രദമായതുമായ ചികിത്സാ രീതിയുടെ ലഭ്യതക്കുറവാണ്. വലിയ നഗരങ്ങളിലുള്ള, ആസ്റ്റര്‍ മിംസ് പോലുള്ള ആശുപത്രികളില്‍ മാത്രമാണ് ഇന്ന് അപസ്മാര ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള മികച്ച ചികിത്സാ രീതികളും വീഡിയോ ഇ ഇ ജി പോലുള്ള സംവിധാനങ്ങളും ലഭ്യമാകുന്നത്. വിദുരങ്ങളിലുള്ളവര്‍ക്ക് വിഭിന്നങ്ങളായ കാരണങ്ങളാല്‍ സ്വാഭാവികമായും ഇത്തരം ചികിത്സാ രീതിയുടെ നേട്ടം ലഭ്യമാകാതെ പോകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
അപസ്മാരത്തെ ഒരു ശാപമായി കാണുന്നവരും, അപസ്മാരം ചികിത്സിച്ചാല്‍ മാറില്ലെന്ന് വിശ്വസിക്കുന്നവരും, അപസ്മാര രോഗിയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതുമെല്ലാം ഇവര്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളാണ്. സൗഹൃദ വലയങ്ങളില്‍ നിന്നും, കുടുംബ ബന്ധങ്ങളിലെ കൂട്ടായ്മകളില്‍ നിന്ന് പോലും ഇവര്‍ അന്യം നിന്ന് പോകേണ്ടി വരുന്നത് വേദനാജനകമാണ്. രോഗത്തിന് നല്‍കുന്ന ചികിത്സയോടൊപ്പം സമൂഹത്തിന്റെ ഈ തെറ്റായ വീക്ഷണത്തിനെതിരായ ബോധവത്കരണവും ചികിത്സയുടെ ഭാഗമായി നടപ്പിലാക്കേണ്ടതുണ്ട്.
അപ്‌സമാര ശസ്ത്രക്രിയ
ഇന്ത്യയുടെ ആകെ ജനസംഖ്യയില്‍ 1 കോടിയിലധികം പേര്‍ (10 മില്യണ്‍) അപസ്മാര ബാധിതരാണെന്നാണ് പഠന റിപ്പോര്‍ട്ടുള്‍ വെളിപ്പെടുത്തുന്നത്. ഈ അപസ്മാര ബാധിതരെല്ലാവരും തന്നെ ശസ്ത്രക്രിയ ആവശ്യമായി വരുന്നവരായിരിക്കില്ല. പൊതുവായ ചില മരുന്നുകളുടെ ഉപയോഗത്തിലൂടെ ഭൂരിപക്ഷം പേരുടേയും രോഗാവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ഒന്നോ രണ്ടോ മരുന്നകളുടെ ഉപയോഗം കൊണ്ട് തന്നെ ഇവരില്‍ ഇത് സാധിക്കും. ഈ രീതിയില്‍ മരുന്നുകള്‍ ഉപയോഗിച്ച് രോഗം ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒരു വിഭാഗം രോഗികളുണ്ട്. ഇവര്‍ക്കാണ് ശസ്ത്രക്രിയ പോലുള്ള മറ്റ് ചികിത്സാ രീതികള്‍ ആവശ്യമായി വരുന്നത്.
രോഗം പൂര്‍ണ്ണമായി ഭേദമാക്കുവാനോ, രോഗത്തിന്റെ ദുരിതങ്ങളെ വലിയ അളവില്‍ ഇല്ലാതാക്കുവാനോ ശസ്ത്രക്രിയ സഹായകരമാകും എന്നതാണ് ഏറ്റവും വലിയ സവിശേഷത. ചില പ്രത്യേക കാര്യങ്ങളെ കൂടി ആശ്രയിച്ചാണ് ശസ്ത്രക്രിയ നിര്‍വ്വഹിക്കണമോ വേണ്ടയോ എന്ന് മികച്ച ഒരു അപസ്മാര ചികിത്സാ വിദഗ്ദ്ധന്‍ തീരുമാനിക്കുന്നത്.
തലച്ചോറിനകത്ത് അപസ്മാരത്തിന് കാരണമാകുന്ന ഒരു പ്രത്യേക ഉത്ഭവകേന്ദ്രമുണ്ടാകും. ആ ഉത്ഭവ കേന്ദ്രത്തെ കൃത്യമായി തിരിച്ചറിയേണ്ടത് ശസ്ത്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി സ്വീകരിക്കുന്ന പ്രധാന നിര്‍ണ്ണയ രീതിയാണ് വീഡിയോ ഇ ഇ ജി എന്നത്. 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ ദൈര്‍ഘ്യം ഇതിനാവശ്യമാണ്. നിലവില്‍ രോഗി ഉപയോഗിക്കുന്ന മരുന്നുകള്‍ നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്ത ശേഷം രോഗിയില്‍ അപസ്മാര രോഗം പ്രത്യക്ഷപ്പെടാന്‍ ബോധപൂര്‍വ്വം അനുവദിക്കും. ഇങ്ങനെ അപസ്മാരം ഉണ്ടാകുന്ന അവസ്ഥകള്‍ വീഡിയോ റെക്കോര്‍ഡിംഗിലും ഇ ഇ ജി യിലും കൃത്യമായി രേഖപ്പെടുത്തുകയും അവയുടെ മാറ്റങ്ങള്‍ വിശദമായി പഠിക്കുകയും ചെയ്യുന്നു. ഇതിലൂടെ അപസ്മാരത്തിന്റെ തീവ്രതയെക്കുറിച്ചും ഉത്ഭവ സ്ഥാനത്തെ കുറിച്ചും മികച്ച ഒരു ന്യൂറോളജിസ്റ്റിനെ ഏറെക്കുറെ കൃത്യമായ രൂപം ലഭ്യമാകും.
തലച്ചോറിലെ ഘടനാപരമായ വ്യത്യാസങ്ങളും ഇതില്‍ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി എപ്പിലപ്‌സി പ്രോട്ടോക്കോള്‍ എം ആര്‍ ഐ ആണ് ഉപയോഗപ്പെടുത്തുന്നത്. പെറ്റ് സ്‌കാന്‍, ഇ ഇ ജി, എം ഇ ജി, സ്റ്റീരിയോ ഇ ഇ ജി മുതലായ നിര്‍ണ്ണയോപാധികളും ചില രോഗികളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. ഈ മാര്‍ഗ്ഗങ്ങളില്‍ ആവശ്യമായതിനെ സാഹചര്യത്തിനനുസരിച്ച് സ്വീകരിച്ച് കൃത്യമായി വിലയിരുത്തിയാല്‍ രോഗിക്ക് അപസ്മാരം പ്രയോജനപ്രദമാകുമോ എന്ന് തീരുമാനിക്കാന്‍ സാധിക്കും. തുടര്‍ന്നാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്. നേരത്തെ നടത്തിയ വിദഗ്ദ്ധ പരിശോധനകളിലൂടെ തിരിച്ചറിഞ്ഞിരിക്കുന്ന അപസ്മാരത്തിന്റെ ഉത്ഭവ കേന്ദ്രത്തെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ, ഈ ഭാഗത്തിന് ഇതര ഭാഗങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുകയോ ചെയ്യും. ഇതിലൂടെ മഹാഭൂരിപക്ഷം പേരുടേയും രോഗത്തെ പൂര്‍ണ്ണമായി തന്നെ ഇല്ലാതാക്കുവാന്‍ സാധിക്കും. ചിലര്‍ക്ക് രോഗത്തിന്റെ തീവ്രത കുറച്ച് ആഹ്ലാദകരമായ ജീവിതം തിരികെ പിടിക്കുന്നതിനും ശസ്ത്രക്രിയാ രീതി സഹായകരമാകുന്നു.