കുഞ്ഞുങ്ങള്‍ക്കു സൗജന്യ ശസ്ത്രക്രിയയിൽ കൈകോർത്ത് ആസ്റ്റർ മിംസ്.
നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്കായുള്ള സൗജന്യ ശസ്ത്രക്രിയ പദ്ധതിയായ ‘കൂടെ’യുടെ രണ്ടാം ഘട്ടമായ ‘കൂടെ 2023’ പ്രഖ്യാപിച്ചു. വടകര തണലും ആസ്റ്റർ മിംസ് ആശുപത്രിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജനിതകരോഗങ്ങൾ, പേശീ-ധമനീ സംബന്ധമായ രോഗങ്ങൾ, അസ്ഥിരോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, അവയവമാറ്റിവെക്കൽ ഉള്‍പ്പെടെയുള്ള വ്യത്യസ്തവും ഗുരുതരവുമായ അവസ്ഥകളെ അഭിമുഖീകരിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ 250 കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുകയാണ് കൂടെ 2023 ന്റെ ലക്ഷ്യം. 5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കോഴിക്കോട് നടന്ന ചടങ്ങിൽ എം.പി. എം കെ രാഘവന്‍ പ്രഖ്യാപിച്ചു.
ആസ്റ്റര്‍ ഡി എം ഹെൽത്ത്‌കെയർ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യാതിഥിയായിരുന്നു. തണല്‍ വടകര ചെയര്‍മാന്‍ ഡോ. ഇദ്രീസ് പദ്ധതി അവതരണം നടത്തി.
തണലുമായി സഹകരിച്ച് എസ്എംഎ, ഡെവലപ്‌മെന്റ് ഡിസോർഡേഴ്‌സ് തുടങ്ങിയ പ്രത്യേക അവശതകളനുഭവിക്കുന്ന കുട്ടികൾക്കാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ പീഡിയാട്രിക്-ന്യൂറോ കേന്ദ്രമായ ‘മൈൽസ്റ്റോൺ’ന്റെ ഉദ്ഘാടനവും ചടങ്ങിൽ ഡോ. ആസാദ് മൂപ്പന്‍ നിർവഹിച്ചു.
കൂടൂതൽ വിവരങ്ങൾക്ക് 8113098000 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാം.
ഹൃദയം കൊണ്ടുള്ള ഇടപെടലാണ് ആസ്റ്റര്‍ മിംസും തണല്‍ വടകരയും ഈ സംരംഭത്തിനായി നടത്തുന്നതെന്ന് പദ്ധതി പ്രഖ്യാപനം നടത്തിക്കൊണ്ട് എം.കെ. രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന രണ്ട് സംരംഭങ്ങള്‍ ഒരുമിച്ച് ചേരുന്നത് കേരളത്തിന്റെ പൊതുവായ ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളുടെ കുടുംബം അനുഭവിക്കുന്ന പ്രതിസന്ധികള്‍ വളരെ വലുതാണ്. അര്‍ഹിക്കുന്ന പിന്തുണ അവര്‍ക്ക് നല്‍കുവാനുള്ള ബാധ്യത നാം ഓരോരുത്തര്‍ക്കുമുണ്ട്. അത്തരം പിന്തുണ നല്‍കുന്നത് മനുഷ്യ ജീവിതത്തില്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന പ്രധാന നന്മകളിലൊന്നുകൂടിയാണ്. ഈ ഉദ്ദേശ ലക്ഷ്യത്തോടെയാണ് ‘കൂടെ’ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിക്കപ്പെടുന്നതെന്ന് ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
‘കറക്റ്റീവ് സര്‍ജറികളിലൂടെ ജീവിത ദുരിതത്തിന്റെ ഒരു വലിയ ഘട്ടത്തെ അതിജീവിക്കുവാന്‍ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് സാധിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടാണ് എങ്ങിനെ അതിനായുള്ള സൗകര്യം ഒരുക്കിയെടുക്കാമെന്ന് തണല്‍ ചിന്തിച്ചത്. ഈ ചിന്തയും അതിനുവേണ്ടിയുള്ള പ്രയത്‌നവുമാണ് ഇവിടെ വരെ എത്തി നില്‍ക്കുന്നതെന്ന് തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ് വ്യക്തമാക്കി.
2022 മാർച്ച് ഒന്നിനാണ് കൂടെ പദ്ധതിയുടെ ആദ്യഘട്ടം പ്രഖ്യാപിക്കപ്പെട്ടത്. ലഭിച്ച 4000അപേക്ഷകളിൽ നിന്നും 2800ലധികം കുട്ടികളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽനിന്നും വിദഗ്ധ ചികിത്സ നിർദ്ദേശിക്കപ്പെട്ട 863 കുട്ടികളിലെ അർഹരായ 102 പേർക്കാണ് കൂടെ 2022ന്റെ ഭാഗമായി സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കിയത്. 2 കോടിരൂപയിലധികമായിരുന്നു പദ്ധതി ചിലവ്.
ചടങ്ങിൽ എം. കെ. രാഘവന്‍ എം. പി, പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍, തണൽ ചെയർമാൻ ഡോ. ഇദ്രീസ്, ആസ്റ്റർ മിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ യു. ബഷീര്‍, ആസ്റ്റർ ഹോസ്പിറ്റലിൽസ് കേരള-ഒമാൻ റീജണൽ ഡയറക്ടർ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റർ മിംസ് പീഡിയാട്രിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. എബ്രഹാം മാമ്മന്‍, ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. പ്രദീപ് കുമാര്‍,ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റ്,ഡോ. രാധേഷ് നമ്പ്യാര്‍, ആസ്റ്റർ മിംസ് കോഴിക്കോട് സിഒഒ ലുക്മാന്‍ പൊന്മാടത്ത്, തണൽ സിഇഒ അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.