കുഞ്ഞിനെ ശുചിയാക്കല്‍
1. കുഞ്ഞിനെ കുളിപ്പിക്കല്‍:
പൊക്കിള്‍കൊടി ഉണങ്ങുന്നത് വരെ സ്‌പഞ്ച് ബാത്ത് ചെയ്യണം, ഇതിന് ഏതാണ്ട് 7 മുതല്‍ 21 വരെ ദിവസം സമയം എടുത്തേക്കാം. ഇതിന് ശേഷം കുഞ്ഞിനെ ചൂട് വെള്ളത്തില്‍ കുളിപ്പിക്കാം. എല്ലാദിവസവും കുഞ്ഞിനെ നിര്‍ബന്ധമായും കുളിപ്പിക്കേണ്ടതില്ല. പ്രാരംഭഘട്ടത്തില്‍ ആഴ്ചയില്‍ 3 ദിവസം കുളിപ്പിച്ചാല്‍ മതി. ഏത് സമയത്ത് കുളിപ്പിക്കണം എന്നത് തികച്ചും നിങ്ങളുടെ വ്യക്തിപരമായ സൗകര്യമനുസരിച്ച് തീരുമാനിക്കാവുന്നതാണ്. തിരക്കോ മറ്റ് തടസ്സങ്ങളോ ഇല്ലാത്ത സമയമാകുന്നതാണ് നല്ലത്. കുഞ്ഞിന് ദോഷകരമല്ലാത്ത ഇളം ചൂട് വെള്ളമാണ് നല്ലത്. കുഞ്ഞിന് സൗകര്യപ്രദവും, സുരക്ഷിതവുമായ രീതിയില്‍ പിടിച്ച് വേണം കുളിപ്പിക്കുവാന്‍. കുളിപ്പിച്ചതിന് ശേഷം ലോഷന്‍ തേക്കേണ്ട ആവശ്യമില്ല. ചര്‍മ്മം കൂടുതലായി വരണ്ടതാണെങ്കില്‍ കുറഞ്ഞ അളവില്‍, ഗന്ധമില്ലാത്ത മോയിസ്ചറൈസര്‍ ഉപയോഗിക്കാവുന്നതാണ്.
2. പൊക്കിള്‍ കൊടി പരിചരണം
സാധാരണഗതിയില്‍ 7-21 ദിവസത്തിനിടയില്‍ സ്വാഭാവികമായി പൊക്കിള്‍ കൊടി കൊഴിഞ്ഞ് പോകും. നിര്‍ബന്ധമായും ഈ മേഖല ശുചിയുള്ളതും ഈര്‍പ്പരഹിതമായും സൂക്ഷിക്കണം. പൊക്കിള്‍ക്കൊടിക്ക് വായുസഞ്ചാരം ലഭിക്കുന്ന രീതിയില്‍ അതിന് താഴെയായി മാത്രമേ ഡയപ്പര്‍ ധരിപ്പിക്കാവൂ. പൊക്കിള്‍കൊടി വേര്‍പെട്ട് പോവുകയോ, മറ്റെന്തെങ്കിലും അസ്വസ്ഥകള്‍ അനുഭവപ്പെടുകയോ ചെയ്യുമ്പോള്‍ ആ ഭാഗത്ത് ചിലപ്പോള്‍ കുറച്ച് രക്തത്തുള്ളികള്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഒരുകാരണവശാലും പൊക്കിള്‍കൊടി ബലം പ്രയോഗിച്ച് നീക്കംചെയ്യാന്‍ ശ്രമിക്കരുത്. പൊക്കിൾകൊടിയുടെ ചുറ്റും ചുവന്ന് കാണുക, സ്രവങ്ങള്‍ പ്രത്യക്ഷപ്പെടുക, ദുര്‍ഗന്ധം വമിക്കുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള അണുബാധയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ഡോക്ടറെ സന്ദര്‍ശിക്കണം.
1) പൊക്കിള്‍ കൊടിയുടെ ഭാഗം ഈര്‍പ്പരഹിതമായി സൂക്ഷിക്കുക.
2) പൊക്കിള്‍ കൊടി സ്പര്‍ശിക്കുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയായി കഴുകുക
3) ഡയപ്പര്‍ പൊക്കില്‍കൊടിക്ക് താഴെയായി മാത്രം ഉപയോഗിക്കുക.
4)ശുചിയാക്കാന്‍ ഉപയോഗിക്കുന്ന കോട്ടന്‍ വെള്ളത്തില്‍ നനച്ച ശേഷം, സ്രവങ്ങള്‍ വൃത്തിയായി തുടച്ചെടുക്കുക. തുടര്‍ന്ന് വൃത്തിയുള്ള തുണി ഉപയോഗിച്ച് ഇത് ഈര്‍പ്പരഹിതമാക്കുക.
5)പൊക്കിള്‍കൊടി കൊഴിയുന്നതിന് മുന്‍പ് തന്നെ കുഞ്ഞിനെ പൂര്‍ണ്ണമായി കുളിപ്പിക്കാവുന്നതാണ്. വസ്ത്രം ധരിപ്പിക്കുന്നതിന് മുന്‍പ് പൊക്കിള്‍ക്കൊടി പൂര്‍ണ്ണമായി ഉണങ്ങിയെന്ന് ഉറപ്പ് വരുത്തണം.
6) ആല്‍ക്കഹോള്‍ ഉപയോഗിച്ച് ശുചിയാക്കുന്നത് നിര്‍ദ്ദേശിക്കപ്പെടുന്നില്ല.
പൊക്കിള്‍ക്കൊടിക്ക് മുകളില്‍ നാണയങ്ങള്‍, ബട്ടനുകള്‍, ബാന്റേജുകള്‍ തുടങ്ങി യാതൊരു വസ്തുക്കളും വെക്കരുത്.
3) തൊലിയുടേയും നഖത്തിന്റെയും പരിചരണം:
കുഞ്ഞുങ്ങളുടെ തൊലി വളരെ മൃദുലമായവയാണ്, കുളിപ്പിക്കുമ്പോൾ പെര്‍ഫ്യൂം അടങ്ങിയിട്ടില്ലാത്ത നേര്‍ത്ത സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കുക. കുഞ്ഞിന്റെ തൊലിക്ക് ലോഷന്‍, ക്രീം മുതലായവ ആവശ്യമില്ല.
കുഞ്ഞുങ്ങളുടെ നഖം പെട്ടെന്ന് തന്നെ, വളരുകയും മൂര്‍ച്ചയുള്ളതാവുകയും ചെയ്യും. കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോള്‍ ലോഹനിര്‍മ്മിതമല്ലാത്ത നെയില്‍ ഫയല്‍ ഉപയോഗിച്ച് അഗ്രഭാഗത്തിന്റെ മൂര്‍ച്ച ഒഴിവാക്കുകയും നഖത്തിന്റെ വലുപ്പം കുറയ്ക്കുകയും ചെയ്യാം. നെയില്‍ ക്ലിപ്പറുകള്‍ ഉപയോഗിക്കരുത്.
4. മല-മൂത്ര വിസര്‍ജ്ജന ശേഷമുള്ള വൃത്തിയാക്കല്‍:
ഡയപ്പര്‍ കൃത്യമായി മാറ്റുക. അധിക നേരം ഡയപ്പര്‍ ഉപയോഗിക്കുന്നത് ത്വക്രോഗങ്ങൾക്ക് കാരണമാകും. .
ഓരോ മാറ്റത്തിന് ശേഷവും അടിഭാഗവും ജനനേന്ദ്രിയവും ശുദ്ധവും ഇളം ചൂടുള്ളതുമായ വെള്ളത്തില്‍ വൃത്തിയാക്കുക. തൊലിയുടെ മടക്കുകള്‍ വൃത്തിയാക്കിയെന്ന് ഉറപ്പ് വരുത്തുക. ഈ ഭാഗങ്ങളില്‍ ബേബി പൗഡര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ആണ്‍കുഞ്ഞിനെ വൃത്തിയാക്കുമ്പോള്‍ അഗ്രചര്‍മ്മം പുറകിലേക്ക് വലിക്കരുതെന്നും പെണ്‍കുഞ്ഞിനെ മുന്നില്‍ നിന്ന് പിന്നിലേക്ക് തുടക്കണമെന്നും ഓര്‍മ്മിക്കുക. അണുബാധ ഒഴിവാക്കാന്‍ വൃത്തിയുള്ള തുണിമാത്രം ഉപയോഗിച്ച് തുടയ്ക്കുക.
പെണ്‍കുട്ടികള്‍ക്ക് ആദ്യത്തെ കുറച്ച് ആഴ്ചകള്‍ വജൈനല്‍ ഡിസ്ചാര്‍ജ്ജ് ഉണ്ടാകുന്നത് സ്വാഭാവികമാണ്.
കുഞ്ഞുങ്ങളിലെ മല-മൂത്ര വിസര്‍ജ്ജനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പുതിയതായി അമ്മമാരാകുന്നവര്‍ക്ക് കുഞ്ഞുങ്ങളുടെ മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ടും, മലവിസര്‍ജ്ജനവുമായി ബന്ധപ്പെട്ടും നിരവധി സംശയങ്ങളുണ്ടാകാറുണ്ട്. അത്തരം പൊതുവായ സംശയങ്ങള്‍ ദുരീകരിക്കാനാവശ്യമായ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
ഒരു ദിവസം എത്രപ്രാവശ്യം കുഞ്ഞ് മൂത്രമൊഴിക്കും, മൂത്രത്തിന്റെ നിറമെന്തായിരിക്കും....അങ്ങിനെ എന്തെല്ലാം സംശയങ്ങളാണ് നിങ്ങള്‍ക്കുള്ളതല്ലേ?
കുഞ്ഞ് ജനിച്ച് കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ കുറച്ച് ദിവസം കുട്ടിക്ക് ധാരാളമായി മുലപ്പാല്‍ ലഭിച്ചെന്ന് വരില്ല. സ്വാഭാവികമായും ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ മൂത്രമൊഴിക്കുകയുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുലപ്പാല്‍ വര്‍ദ്ധിക്കുകയും കുഞ്ഞ് കൂടുതല്‍ കുടിക്കുകയും മൂത്രമൊഴിക്കുന്നതിന്റെ ഇടവേള കുറയുകയും തവണ കൂടുകയും ചെയ്യും. ഉണങ്ങിയ തുണി, ഡയപ്പര്‍ മുതലായവ ധാരാളമായി കരുതേണ്ടി വന്നേക്കാം.
ഒന്നാമത്തെ ദിവസം: ആദ്യത്തെ 24 മണിക്കൂറിനും 48 മണിക്കൂറിനും ഇടയില്‍ കുഞ്ഞ് ആദ്യമായി മൂത്രമൊഴിക്കും. മുലയൂട്ടുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യ മണിക്കൂറിലും ആദ്യ ദിവസങ്ങളിലും നനഞ്ഞ തുണി മാറ്റിയിടേണ്ട തവണകള്‍ കുറവായിരിക്കും.
രണ്ടാമത്തെ ദിവസം: ഒരു ദിവസം 2-3 തവണ നാപ്പിനുകള്‍ മാറ്റേണ്ടി വന്നേക്കാം. മൂന്നാമത്തെയോ നാലാമത്തെയോ ദിവസം മുലപ്പാലിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നത് വരെ ഇത് തുടര്‍ന്നേക്കാം.
മൂന്ന് മുതല്‍ 5 വരെയുള്ള ദിവസങ്ങള്‍: കുറഞ്ഞത് 3-5 തവണയെങ്കിലും നനഞ്ഞ നാപ്പിനുകള്‍ മാറ്റേണ്ടി വരാം.
ആറാം ദിവസം മുതല്‍ : 6-8 നാപിനുകളോ അതില്‍ കൂടുതലോ ആവശ്യമായി വരാം. ചിലപ്പോള്‍ ഓരോ തവണ മുലയൂട്ടുമ്പോഴും നാപിനുകള്‍ മാറ്റേണ്ടി വന്നേക്കാം.
പ്രത്യേകം ശ്രദ്ധിക്കുക: ആണ്‍കുട്ടികളുടെ മൂത്രത്തിന്റെ ഒഴുക്ക് പ്രത്യേകം ശ്രദ്ധിക്കണം. തുള്ളിതുള്ളിയായല്ല ഒഴിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം.
ജനനശേഷമുള്ള ആദ്യത്തെ കുറച്ച് ദിവസം നിങ്ങളുടെ കുഞ്ഞ് കറുത്ത, ടാര്‍ പോലെ ഒട്ടുന്ന മലവിസര്‍ജ്ജനമാണ് നട്ത്തുക. ഇതിനെ മെക്കോണിയം എന്ന് പറയുന്നു.
ജനനത്തിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞ് ആദ്യ മെക്കോണിയും വിസര്‍ജ്ജിക്കുന്നു. 3-4 ദിവസത്തിന് ശേഷം ഇത് നേര്‍ത്ത് ഒഴുക്കുള്ളതായി മാറുകയും, ഇളം മഞ്ഞ നിറം കൈവരിക്കുകയും ചെയ്യും
അടുത്ത 4-6 ആഴ്ച മലം മഞ്ഞയും ഒഴുക്കുള്ളതുമായിരിക്കും. മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ദിവസം പലതവണ മലവിസര്‍ജ്ജനം ഉണ്ടാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് 1-2 തവണ മാത്രമായിരിക്കും കാണപ്പെടുക. ഓരോ തവണ മുലയൂട്ടിയതിന് ശേഷം മലവിസര്‍ജ്ജനം നടത്തുന്നതും സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങളില്‍ ആകുലപ്പെടേണ്ടതില്ല.
നവജാതശിശു കാലയളവ് അവസാനിക്കുന്ന സമയത്ത് കുഞ്ഞ് 4-5 ദിവസം തുടര്‍ച്ചയായി മലവിസര്‍ജ്ജനം ഇല്ലാതിരിക്കാം. ഇതില്‍ ആകുലപ്പെടുകയോ അനിമയോ മറ്റ് ചികിത്സകളോ ആവശ്യമായി വരാറോ ഇല്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ചികിത്സകള്‍ സ്വീകരിക്കാനും പാടില്ല.