ഡോ. വിനോദ് യു
സീനിയര്‍ സ്‌പെഷ്യലിസ്റ്റ്
എന്‍ഡോക്രൈനോളജി
ആസ്റ്റര്‍ മിംസ് കോഴിക്കോട്.
ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാണ് ഇന്ത്യ എന്നും, ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണ് കേരളമെന്നുമൊക്കെ നമുക്കറിയാം. പ്രമേഹ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധനവിലേക്ക് നയിക്കാന്‍ പല തരത്തിലുള്ള കാരണങ്ങള്‍ ഇടയാക്കുന്നുണ്ട്. കാരണങ്ങള്‍ ഏത് തന്നെയായാലും ഇന്‍സുലിന്റെ എന്ന ഹോര്‍മോണിന്റെ ഉത്പാദനക്കുറവോ, പ്രവര്‍ത്തനക്ഷമതയിലുണ്ടാകുന്ന കുറവോ മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഉണ്ടാകുന്ന വര്‍ദ്ധനവാണ് പ്രമേഹം എന്ന രോഗാവസ്ഥകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഒരു സുപ്രഭാതത്തില്‍ ഉറങ്ങി എഴുന്നേല്‍ക്കുന്ന നിമിഷം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന രോഗാവസ്ഥയല്ല പ്രമേഹം. രോഗത്തിന്റെ സാന്നിദ്ധ്യം രക്തപരിശോധനയില്‍ തിരിച്ചറിയപ്പെടുന്നതിന് വര്‍ഷങ്ങള്‍ മുന്‍പ് തന്നെ രോഗത്തിലേക്കുള്ള യാത്ര ശരീരം ആരംഭിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ശരീരം സ്വയം ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിച്ച് പ്രതിരോധത്തിന് ശ്രമിക്കുന്നത് മൂലം ലക്ഷണം പുറത്തറിയപ്പെടാതെ പോകുന്നു എന്ന് മാത്രം.
എന്താണ് പ്രീ ഡയബറ്റിസ്.
രോഗമുണ്ടോ? എന്ന് ചോദിച്ചാല്‍ രോഗമില്ല എന്നും, രോഗമില്ലേ എന്ന് ചോദിച്ചാല്‍ രോഗമുണ്ട് എന്നും പറയാവുന്ന ഒരു അവസ്ഥയാണ് പ്രീ ഡയബറ്റിസ് എന്നത്. വെറും വയറ്റില്‍ ഗ്ലൂക്കോസിന്റെ അളവ് 126 മി. ഗ്രാമിന് മുകളിലും, ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം 200 മി. ഗ്രാമിന് മുകളിലുമാണെങ്കില്‍ പ്രമേഹ രോഗിയാണെന്ന് വിലയിരുത്താം. എന്നാല്‍ വെറും വയറ്റില്‍ 126 മി. ഗ്രാമിനോട് അടുത്തും, ഭക്ഷണശേഷം 200 മി. ഗ്രാമിനോട് അടുത്തുമാണ് ഗ്ലൂക്കോസ് ലെവലെങ്കില്‍ ഇത്തരക്കാരെ പ്രീ ഡയബറ്റിസ് എന്ന് പറയാം. അതായത് പ്രമേഹ ബാധിതനാകുവാനും, ആകാതിരിക്കാനും സാധ്യതയുള്ള അവസ്ഥ എന്നര്‍ത്ഥം.
രോഗലക്ഷണം.
പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഈ അവസ്ഥയില്‍ കാണപ്പെടാറില്ല. പ്രമേഹത്തിന് പൊതുവെ കാണപ്പെടുന്ന ലക്ഷണങ്ങളായ അമിത ദാഹം, വിശപ്പ്, അമിത മൂത്രമൊഴിക്കല്‍, ക്ഷീണം തുടങ്ങിയവയൊന്നും പ്രീ ഡയബറ്റിസില്‍ അധികം കാണില്ല. പലപ്പോഴും മറ്റെന്തെങ്കിലും കാര്യത്തിനായുള്ള രക്തപരിശോധന നടത്തുമ്പോഴായിരിക്കും ഇത് ശ്രദ്ധയില്‍ പെടുക.
പ്രീ ഡയബറ്റിസ് ഉള്ള ചിലരില്‍ ചര്‍മ്മത്തില്‍ പ്രത്യേകിച്ച് കഴുത്തിനും കൈക്കുഴയ്ക്കുമൊക്കെ തൊലി ഇരുണ്ട് പോകുന്ന ലക്ഷണം കാണാറുണ്ട്. പ്രീഡയബറ്റിസ് ഉള്ളവരില്‍ 70 ശതമാനത്തിലധികം പേര്‍ക്കും സമീപ ഭാവിയില്‍ തന്നെ പ്രമേഹരോഗം പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്.
ചികിത്സ
പ്രീ ഡയബറ്റിസ് ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിച്ച് രോഗാവസ്ഥ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇത് ചെയ്താല്‍ പ്രമേഹത്തിലേക്ക് വഴിമാറാതെ സൂക്ഷിക്കുവാനോ, പ്രമേഹത്തിലേക്കുള്ള മാറ്റത്തിന്റെ ദൈര്‍ഘ്യം ദീര്‍ഘകാലത്തേക്ക് വര്‍ദ്ധിപ്പിക്കുവാനോ സാധിക്കും. സ്ഥിരമായ വ്യായാമം, ഭാരം കുറയ്ക്കല്‍, ആരോഗ്യകരമായ ഭക്ഷണ ശീലം, തുടങ്ങിയവയൊക്കെയാണ് ചികിത്സയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.