യുവാക്കളിലെ ഹൃദയാഘാതം

Posted on : Apr 03, 2023

Share

ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്
ആസ്റ്റര്‍ മിംസ് കോഴിക്കോട്.

 പ്രത്യക്ഷത്തില്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരാണ് എന്ന് തോന്നുന്ന, കൃത്യമായി വ്യായാമവും ജോഗിങ്ങുമെല്ലാം നടത്തുന്ന, കുറഞ്ഞ പ്രായം മാത്രമുള്ള ധാരാളം ആളുകള്‍ ഹൃദയാഘാതത്തിന് വിധേയരാവുകയും ചിലരെങ്കിലും മരണപ്പെടുകയും ചെയ്യുന്ന വാര്‍ത്ത അപൂര്‍വ്വതയല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ആശങ്ക പൊതുവെ വ്യാപകമായുണ്ട്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ നിലച്ച് പോവുക, അല്ലെങ്കില്‍ പ്രവര്‍ത്തന ക്ഷമത അപ്രതീക്ഷിതമായി കുറഞ്ഞ് പോവുക എന്നിവയാണ് ഇത്തരം സാഹചര്യത്തില്‍ പ്രധാനമായും സംഭവിക്കുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങള്‍ ഹാര്‍ട്ട് അറ്റാക്കും, കാര്‍ഡിയാക് അറസ്റ്റുമാണ്. അതായത് ഹൃദയാഘാതവും ഹൃദയ സ്തംഭനവും എന്ന് മലയാളീകരിച്ച് പറയാം. പൊതുജനങ്ങളെ സംബന്ധിച്ച് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാനുള്ള സാധ്യത കുറവാണ്. 

എന്താണ് ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം)?

ചെറുപ്പക്കാരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയാഘാതം. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനിയാണ് കൊറോണറി ആര്‍ട്ടറി എന്നറിയപ്പെടുന്ന ഹൃദയ ധമനി. ഈ ഹൃദയ ധമനിയില്‍ എവിടെയെങ്കിലും തടസ്സം സംഭവിച്ചാല്‍ രക്തം ഹൃദയത്തിലേക്ക് കൃത്യമായി എത്തിച്ചേരാതെ വരും. ഈ അവസ്ഥയാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. നിയന്ത്രിച്ച് നിര്‍ത്താത പ്രമേഹം, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, അലസമായ ജീവിത ശൈലി, അമിതമായ രക്തസമ്മര്‍ദ്ദം, നിയന്ത്രിച്ച് നിര്‍ത്താത്ത കൊളസ്ട്രോള്‍, സ്ഥിരമായ പുകവലി, അമിത മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങള്‍ ഹൃദയാഘാതത്തിന് വഴിയൊരുക്കും. തൊഴില്‍ പരമായും മറ്റുമുള്ള അമിതമായ മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവും, വ്യായാമക്കുറവുമെല്ലാം ചെറുപ്പക്കാരില്‍ ഹൃദയാഘാതത്തിനുള്ള പ്രധാന കാരണമാണ്.

ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ തന്നെ മരണപ്പെടുമോ?

വ്യാപകമായുള്ള സംശയമാണിത്. ഹൃദയാഘാതം സംഭവിച്ച ഉടന്‍ തന്നെ വ്യക്തി മരണത്തിന് വിധേയനാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൊറോണറി ആര്‍ട്ടറിയില്‍ സംഭവിച്ചിരിക്കുന്ന തടസ്സത്തിന്റെ വ്യാപ്തി ഇതില്‍ പ്രധാനമാണ്. നിശ്ചിതമായ ഒരു പരിധിയില്‍ കൂടുതലുള്ള തടസ്സം സംഭവിക്കുമ്പോഴാണ് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക. ഇനി പറയുന്നവയാണ് പ്രധാന ലക്ഷണങ്ങള്‍.
കിതപ്പ്
നെഞ്ചിന്റെ മധ്യഭാഗത്തായി വേദന
ഭാരം അമര്‍ത്തുന്നത് പോലെ തോന്നുക
കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന
അമിതമായ വിയര്‍പ്പ്
ശ്വാസതടസ്സം
ഈ ലക്ഷണങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ പ്രത്യക്ഷപ്പെടുമെന്നതിനാല്‍ അസുഖം സങ്കീര്‍ണ്ണമാകുന്നതിന് മുന്‍പ് ചികിത്സ നേടുവാനുള്ള അവസരം ലഭിക്കും. ചില സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് പ്രമേഹം പോലുള്ള രോഗാവസ്ഥകളുള്ളവരില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതെ തന്നെ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. 

എന്താണ് കാര്‍ഡിയാക് അറസ്റ്റ് (ഹൃദയ സ്തംഭനം)?

ഹൃദയാഘാതത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി മാത്രമാണ് തടസ്സപ്പെടുന്നത്, എന്നാല്‍ ഇതിന് വിപരീതമായി ഹൃദയം പൂര്‍ണ്ണമായും നിശ്ചലമാകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. നിമിഷ നേരം കൊണ്ട് ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലമാവുക എന്നാല്‍ അതീവ ഗൗരവതരമായ അവസ്ഥയാണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഹൃദയ സ്തംഭനത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നു.
പെട്ടെന്ന് കുഴഞ്ഞ് വീഴുക
നാഢിമിടിപ്പ് നിലയ്ക്കുക.
ശ്വാസം നിലയക്കുക
അബോധാവസ്ഥയിലാവുക
ചില സന്ദര്‍ഭങ്ങളില്‍ ഹൃദയസ്തംഭനത്തിലേക്ക് പോകുന്നതിന് മുന്‍പ് നെഞ്ചില്‍ അസ്വസ്ഥത, ശ്വാസതടസ്സം, ശരീരം കുഴയല്‍, അമിതവേഗത്തിലുള്ള ഹൃദയമിടിപ്പ് മുതലായ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്.

കാരണങ്ങള്‍

ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍ ഇനി പറയുന്നു.

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്റെ ക്രമം നിയന്ത്രിക്കുന്നത് ചില വൈദ്യുത സ്പന്ദനങ്ങളാണ്. ഇവ ക്രമം തെറ്റുകയാണെങ്കില്‍ ഹൃദയസ്പന്ദത്തിന്റെ താളക്രമത്തിലും വ്യതിയാനമുണ്ടാകും. അരിത്തിമിയ (Arrhythmia) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണം ഇതാണ്.

ഹൃദയധമനിയെ (കൊറോണറി ആര്‍ട്ടറി) ബാധിക്കുന്ന അസുഖങ്ങള്‍ 
ഹൃദയാഘാതം
കാര്‍ഡിയോമയോപതി (ഹൃദയപേശികള്‍ വലുതാവുകയോ തടിക്കുകയോ ചെയ്യല്‍)
ഹൃദയ പേശികള്‍ക്കുണ്ടാകുന്ന ബലക്ഷയം
ജന്മനാലുള്ള ഹൃദ്രോഗങ്ങള്‍
ജനിതകപരമായ തകരാറുകള്‍
വാല്‍വ് സംബന്ധമായ തകരാറുകള്‍ മുതലായവയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്.

ആര്‍ക്കൊക്കെയാണ് സങ്കീര്‍ണ്ണതകള്‍?

ഹൃദയധമനിയെ ബാധിക്കുന്ന അസുഖമുള്ളവര്‍, പുകവലിക്കാര്‍, അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍, അമിതമായ കൊളസ്ട്രോള്‍ ഉള്ളവര്‍, അമിതഭാരമുള്ളവര്‍, പ്രമേഹബാധിതര്‍, അലസമായ ജീവിതശൈലി നിലനിര്‍ത്തുന്നവര്‍, നേരത്തെ ഹൃദയാഘാതം വന്നവര്‍, ഹൃദയാഘാതത്തിന്റെ പാരമ്പര്യമുള്ളവര്‍, ഹൃദയ താളക്രമത്തില്‍ തകരാറുള്ളവര്‍, ഉറക്കനഷ്ടമുള്ളവര്‍, സങ്കീര്‍ണ്ണമായ വൃക്കരോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഹൃദയസ്തംഭനത്തിനുള്ള സാധ്യതകളുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ചെറുപ്പക്കാരില്‍ ഈ രണ്ട് അവസ്ഥയും പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൃത്യമായ ഹെല്‍ത്ത് ചെക്കപ്പ് നടത്തി ആരോഗ്യം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യം. ദീര്‍ഘകാലം ശരീരം അനങ്ങുന്ന ജോലികളൊന്നും ചെയ്യാതെ പെട്ടെന്ന് ഒരു ദിവസം വ്യായാമമോ കളികളോ ആരംഭിക്കുന്നതും ശ്രദ്ധയോടെ വേണം. ജീവിത ശൈലികളില്‍ ആവശ്യമായ മാറ്റങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരവും, ഭക്ഷണക്രമീകരണം ന്യൂട്രീഷ്യണിസ്റ്റിന്റെ നിര്‍ദ്ദേശ പ്രകാരവും, ആരോഗ്യകരമായ വ്യായാമ ക്രമീകരണം ഫിസിയോതെറാപ്പിസ്റ്റിന്റെ നിര്‍ദ്ദേശ പ്രകാരവും ക്രമീകരിക്കണം.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number