ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അതിനൂതന മെഡിക്കൽ ഡെസ്പാച് സംവിധാനത്തിന് കോഴിക്കോട് തുടക്കമായി. ഡോക്ടർസ് ദിനമായ ജൂലൈ ഒന്നിന് നടന്ന ചടങ്ങിൽ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പനാണ് ഉദ്ഘാടനം നിർവഹിച്ചത്. ഫൈവ് ജി സാറ്റലൈറ്റ് സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മെഡിക്കൽ ഡെസ്പാച്ച് സംവിധാനം വടക്കൻ കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയ വിപ്ലവത്തിനാണ് വഴിയൊരുക്കുക. ആസ്റ്റർ മിംസ് ആശുപത്രി നോഡൽ ഏജൻസിയായി പ്രവർത്തിച്ചുകൊണ്ട് ഉത്തരകേരളത്തിലെ 50ഓളം ആശുപത്രികളിൽ ഏത് അടിയന്തര സാഹചര്യത്തിലും ഏറ്റവും കുറഞ്ഞ സമയത്തിൽ മികച്ച ചികിത്സ നൽകാൻ കഴിയും
ലോക എമർജൻസി ദിനമായ മെയ് 27ന് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനമാണ് പൂർണമായി പ്രവർത്തനം ആരംഭിക്കുന്നത്. അപ്പോത്തിക്കരി മെഡിക്കൽ സർവീസസ് എന്ന മെഡിക്കൽ സ്റ്റാർട്ട്‌അപ്പ് സ്ഥാപനത്തിന്റെ സഹായത്തോടെയാണ് RRR എന്ന ചുരുക്കപ്പേരിൽ അവതരിപ്പിക്കുന്ന ഈ അടിയന്തിര വൈദ്യ സഹായ രീതി (*Response *Rescue *Resuscitation - The Comprehensive emergency chain of survival network) ലഭ്യമാക്കുന്നത്. 75 103 55 666 എന്ന നമ്പറിൽ വിളിച്ചാൽ മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റം കോ ഓർഡിനേറ്ററെ ലഭ്യമാകും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലുള്ള വൈദ്യസഹായം ഏകോപിപ്പിക്കുന്ന ഡെസ്പാച്ച് സംവിധാനം ആരംഭിക്കുന്നത്.